കോഴിക്കോട് : ഗൾഫിൽ നിന്നും കേരളത്തിൽ എത്തിയ നാല് പ്രവാസികൾക്ക് കൂടി കൊവിഡ് ലക്ഷണം. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ നാലുപേരെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. മൂന്ന് മലപ്പുറം സ്വദേശികൾക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി. മറ്റ് വിമാനയാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ നിന്നു തന്നെ 108 ആംബുലന്‍സില്‍ ഇവരെ കൊണ്ടു പോവുകയായിരുന്നു.

ADVERTISEMENT

പുലർച്ചെ എത്തിയ വിമാനത്തിൽ 187 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആകെ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാലുപേർക്ക് രോ​ഗലക്ഷണങ്ങളുണ്ട്. കൂടാതെ വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു.83 പേരെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്

വന്ദേഭാരത് ദൗത്യത്തിൻറെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങൾ കൂടി എത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് എത്തുന്നത്. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാൽപ്പതിനും ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അൻപത്തഞ്ചിനുമെത്തും. നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ് വരുന്നത്. ദുബായിലും അബുദബിയിലും തെർമൽ സ്കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നൽകുക. മസ്ക്കറ്റിൽ തെർമൽ സ്കാനിങ് മാത്രമാണ് ഏർപ്പെടുത്തിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here