അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു, മരണം 89,540 ; ലോകത്ത് ആകെ മരണം 3.12 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.12 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 4,163 പേരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കൂടാതെ 93,979 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47.15 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവര്‍ 18.09 ലക്ഷം ആളുകളാണ്. ചികിത്സയില്‍ കഴിയുന്ന 25.93 ലക്ഷത്തില്‍ 44,840 പേരുടെ നില അതീവ ഗുരുതരമാണ്.

ലോകത്ത് കൊവിഡിനെ തുടര്‍ന്ന് ഏറ്റവും അധികം മരണമുണ്ടായ അമേരിക്കയില്‍ ഇന്നലത്തെ മരണനിരക്ക് 1,033 ആണ്. ഇതോടെ ആകെ മരണം 89,540 ആയി. 22,030 പേര്‍ കൂടി രോഗികളാണെന്നും കണ്ടെത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. അമേരിക്ക കഴിഞ്ഞാല്‍ രണ്ടുലക്ഷത്തിലേറെ കൊവിഡ് ബാധിതരുളള അഞ്ച് രാജ്യങ്ങളാണുളളത്. സ്‌പെയിന്‍ 2.76 ലക്ഷം, റഷ്യ 2.72 ലക്ഷം, യുകെ 2.40 ലക്ഷം, ബ്രസീല്‍ 2.33 ലക്ഷം, ഇറ്റലി 2.24 ലക്ഷം എന്നിങ്ങനെയാണത്. ഫ്രാന്‍സ്, തുര്‍ക്കി, ജര്‍മ്മനി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ കൊവിഡ് രോഗികളുണ്ട്.

അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം മരണം സംഭവിച്ചത് ബ്രസീലിലാണ്. 816 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 15,633. യുകെയില്‍ 468 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 34,466 ആയി. മെക്‌സിക്കോയില്‍ 290 പേരും ക്യാനഡയില്‍ 117 പേരും പെറുവില്‍ 131 പേരും ഇന്ത്യയില്‍ 118 പേരും ഇറ്റലിയില്‍ 153 പേരും റഷ്യയില്‍ 119 പേരും സ്‌പെയിനില്‍ 104 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ മരണം 302 ആയി. ഇന്നലെ മാത്രം പത്തുപേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2,840 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 52,016 ആയി. ഖത്തറില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. ഇന്നലെ ഒരു മരണവും 1,547 പേര്‍ രോഗികളാണെന്നും കണ്ടെത്തി.

ആകെ രോഗികള്‍ 30,972 ആയി ഉയര്‍ന്നു. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാലുപേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 214. രോഗികളുടെ എണ്ണം 22,627. കുവൈത്തില്‍ 11 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ മരണസംഖ്യം 107 ആയി. 13,802 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ബഹ്‌റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം 6,747. ആകെ മരണം 12. ഒമാനില്‍ ഒരാള്‍ കൂടി മരിച്ചതോടെ 21 ആയി ആകെ മരണം. രോഗികളുടെ എണ്ണം 5,029.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here