കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 19 വിമാനങ്ങളാണ് എത്തുക.
ഇന്ന് മുതല്‍ ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്സപ്രസും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ഇത്തവണ ഗള്‍ഫ് നാടുകളെ കൂടാതെ അമേരിക്ക, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ യാത്രക്കാരുമായി കൊച്ചിയില്‍ എത്തുന്നു. ഗള്‍ഫ് ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും കൊച്ചിയിലെത്തുക. ഇന്ന് ദുബായില്‍ നിന്നുള്ള വിമാനം 177 യാത്രക്കാരുമായി വൈകുന്നേരം 6.25 ന് നെടുമ്പാശേരിയിലെത്തും.