രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. കൂടുതല്‍ ഇളവുകളോടെയുള്ള നാലാംഘട്ട ലോക്ക്ഡൗണിന്റെ അന്തിമ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ആരംഭിച്ച മെയ് നാലിന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം 42,533 ആയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സാഹചര്യമാകെ മാറി. രോഗബാധിതരുടെ എണ്ണം 81,970 ആയി.

മെയ് നാലില്‍ മരണസംഖ്യ 1373 ആയിരുന്നു. ഇപ്പോള്‍ അത് 2649 ആയി ഉയര്‍ന്നു. രോഗവ്യാപനത്തിന്റെ നിര്‍ണായകമായ കാലയളവായിരുന്നു മൂന്നാംഘട്ട ലോക്ക്ഡൗണ്‍. നാലാംഘട്ട ലോക്ക്ഡൗണില്‍ സാമൂഹ്യ അകലം ഉറപ്പാക്കി യാത്രക്കാരെ നിയന്ത്രിച്ചുകൊണ്ട് പൊതുഗതാഗത സംവിധാനം പുനരാരംഭിക്കും. കൂടാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കാന്‍ സാധ്യതയുണ്ട്. മെട്രോ സര്‍വീസും ഭാഗികമായി പുനരാരംഭിക്കും.

രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്ന തരത്തിലാവും നാലാംഘട്ട ലോക്ക്ഡൗണ്‍. സോണുകളെ തരംതിരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ആശങ്ക കൂടി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് വ്യവസായ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. നാലാംഘട്ട ലോക്ക് ഡൗണിന്റെ അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here