മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി

വടക്കാഞ്ചേരി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രി എ.സി.മൊയ്തീനെ ക്വാറന്റീനിൽ വിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ പനങ്ങാട്ടുകരയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. പോലീസ് മാർച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ വഴിയിൽ കുത്തിയിരുന്നു. അറസ്റ്റിന് ശ്രമിച്ചതോടെ കിടന്നും കൂട്ടിപ്പിടിച്ചും ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ബലമായി പോലീസ് അറസ്റ്റ്ചെയ്തു നീക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി ജോമോൻ കൊള്ളന്നൂർ തുടങ്ങി ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവർക്കെതിരേ കോവിഡ് നിയന്ത്രണലംഘനം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

അനിൽ അക്കര എം.എൽ.എ. വടക്കാഞ്ചേരിയിലെ എം.എൽ.എ. ഓഫീസിലാണ് ക്വാറന്റീനിൽ കഴിയുന്നത്. ഇവിടേക്ക്‌ ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തുമെന്ന് പ്രചാരണം ശക്തിപ്പെട്ടതോടെ എം.എൽ.എ. ഓഫീസിനു പോലീസ് കാവൽ നിന്നു. പാസില്ലാതെ അതിർത്തി കടത്തിവിട്ട് കോവിഡ് പ്രതിരോധ സംവിധാനങ്ങൾ തകർത്ത എം.എൽ.എ.ക്കെതിരേ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം നഗരത്തിൽ ഒതുങ്ങി.

മന്ത്രി ക്വാറന്റീനിൽ പോകണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ വടക്കാഞ്ചേരി ഫുഡ് ഇൻസ്‌പെക്ടർ ഓഫീസിനു മുന്നിലും പ്രതിഷേധിച്ചു

guest
0 Comments
Inline Feedbacks
View all comments