“ഞങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള കളിയാണ്”; ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നടക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍

ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ഡല്‍ഹി – തിരുവനന്തപുരം ശ്രമിക് ട്രെയിനിന്റെ യാത്ര നീണ്ടതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ മെയ് ആറിന് വ്യക്തമാക്കിയിരുന്നു. ഇത് വൈകിയതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങിയിരിക്കുന്നത്. തങ്ങള്‍ ഞായറാഴ്ച മുതല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കാല്‍നടയായി യാത്ര ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ ട്രെയിന്‍ ലഭിക്കാത്തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. നോണ്‍ എ സി ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് മാര്‍ഗം ആരാഞ്ഞിട്ടുണ്ടെന്നും ഡല്‍ഹിയിലെ ഹെല്‍പ് ഡെസ്‌ക്ക് ഇതിനുള്ള ഏകോപനം നടത്തുമെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ഡല്‍ഹിയില്‍ നിന്ന് ട്രെയിനുണ്ടാവുമെന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒറ്റപ്പെട്ടു പോയവരും നോര്‍ക്ക ഐ.ഡി, പേര്, വിദ്യാര്‍ത്ഥി ആണോ അല്ലയോ എന്നീ വിവരങ്ങള്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് മുമ്പായി 7289940944, 8800748647 എന്നീ നമ്പരുകളില്‍ ഏതിലെങ്കിലും ഒന്നിലേക്ക് മെസേജ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഇന്നലെ അറിയിച്ചു.

ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിന് ഇന്ത്യന്‍ റെയില്‍വേക്ക് 15 ലക്ഷം രൂപ മുന്‍കൂര്‍ കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ട്രെയിന്‍ സര്‍വ്വീസ് മുടങ്ങാന്‍ കാരണമെന്നാണ് ഡല്‍ഹിയിലെ കേരള ഹൗസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചത്. ശ്രമിക് ട്രെയിനിനുള്ള ടിക്കറ്റ് തുക നല്‍കാമെന്നും യാത്രക്കാര്‍ കുറവാണ് എങ്കില്‍ അതിന് അനുപാതമായ അധിക തുക നല്‍കാമെന്നും തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.1500 പേര്‍ക്ക് യാത്ര ചെയ്യാനുതകുന്ന ശ്രമിക് ട്രെയിനിന് കെട്ടിവെക്കാനുള്ള പണം ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇത് രാഷ്ടീയമായ മുതലെടുപ്പിന് കാരണമാകുമെന്നതിനാല്‍ അത് പറ്റില്ലെന്ന കേരള ഹൗസ് അധികൃതരുടെ നിലപാടാണ് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങാന്‍ കാരണമായിരിക്കുന്നത്.

എന്നാല്‍ നേരത്തെ ശ്രമിക് ട്രെയിനില്‍ പോകാന്‍ പേര് നല്‍കിയ പല വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ വഴി നാട്ടിലേക്ക് മടങ്ങിയതിനാല്‍ യാത്രക്കാര്‍ കുറഞ്ഞു എന്നാണ് കേരള ഹൗസ് അധികൃര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ റെയില്‍ വേയുടെ പ്രത്യേക ട്രെയിനുകള്‍ ഉപയോഗപ്പെടുത്തി നാടു പിടിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, രാജധാനിയുടെ തേഡ് ഏ.സിയുടെ ചാര്‍ജായ 3200ല്‍ അധികം രൂപ നല്‍കി പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഹോസ്റ്റലുകള്‍ ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് ലഭിച്ച ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികളും പുറത്ത് വാടക നല്‍കി താമസിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് ഇതോടെ പെരുവഴിയില്‍ ആയിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും റൂം വാടക നല്‍കാനില്ലാത്തതിനാലാണ് എത്രയും പെട്ടെന്ന് നാട്ടില്‍ പോകാമെന്ന് തീരുമാനിച്ചത്. എന്നാല്‍ 3500 രൂപയോളം നല്‍കി നാട്ടില്‍ പോകുക എന്നത് പ്രായോഗികമല്ലെന്നാണ് ആദില എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞത്.

ഇന്നലെ തിരുവനന്തപരുത്ത് എത്തിയ പ്രത്യേക ട്രെയിനില്‍ ബുക്ക് ചെയ്യാന്‍ പല വിദ്യാര്‍ത്ഥികളും തയ്യാറായിരുന്നു. എന്നാല്‍, ഈ സമയത്താണ് കേരള ഹൗസില്‍ നിന്ന് രണ്ടു മൂന്നു ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ക്ക് ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്ന കാര്യം അറിയിച്ചത്. ഇതോടെ, വിദ്യാര്‍ത്ഥികള്‍ ശ്രമിക് ട്രെയിനില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍, ഇന്നലെ വരെ ശ്രമിക് ട്രെയിനുള്ള ഒരു ശ്രമവും കേരള ഹൗസിന്റെ ഭാഗത്ത് നിന്നുണ്ടാവാതായതോടെ വിദ്യാര്‍ത്ഥികള്‍ കേരള ഹൗസില്‍ എത്തി അധികൃതരുമായി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് തങ്ങള്‍ സര്‍ക്കാരിനാല്‍ ചതിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും അവര്‍ പറയുന്നു. ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് ഇല്ലെന്നും എല്ലാവരും പ്രത്യേക ട്രെയിനുകള്‍ പിടിച്ച് നാടണയാന്‍ നോക്കൂ എന്നുമായിരുന്നു കേരള ഹൗസില്‍ നിന്നുമുള്ള ഉപദേശം. അപ്പോഴേക്കും പ്രത്യേക ട്രെയിനിനുള്ള 20ാം തിയ്യതി വരെയുള്ള ടിക്കറ്റുകള്‍ ഫുള്‍ ആയതിനാല്‍ പ്രത്യേക ട്രെയിന്‍ എന്നുള്ള ആ വാതിലും അടഞ്ഞിരിക്കുകയാണ്.

“ഞങ്ങള്‍ കേരള ഹൗസ് അധികൃതരുമായി സംസാരിച്ചു. സാധാരണ എങ്ങനെയാണോ ട്രെയിന്‍ ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്നത് അതേ രീതിയില്‍ ബുക്ക് ചെയ്ത് പോകാനാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇത്രയും ദിവസമായി ഞങ്ങളോട് കേരള സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് കേരളത്തിന്റെ ഒരു പ്രത്യേക ട്രെയിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുമെന്നാണ്. ഞങ്ങള്‍ മിക്ക ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും കേരള ഹൗസിലേക്കും കോവിഡ് വാര്‍ റൂമിലേക്കും ബന്ധപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന മറുപടി എത്രയും പെട്ടെന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും ഞങ്ങള്‍ അതിനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു. കഴിഞ്ഞ നാലാം തിയ്യതി മുഖ്യമന്ത്രി പറഞ്ഞതാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന്, ആറാം തിയ്യതി മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതുമാണ് ഡല്‍ഹിയില്‍ നിന്ന് ശ്രമിക് ട്രെയിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുമെന്ന്, അത് കഴിഞ്ഞ് 14ാം തിയ്യതി വരെ ട്രെയിനിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആവാതിരുന്നതോടെയാണ് തങ്ങള്‍ കേരള ഹൗസില്‍ എത്തി അധികൃതരുമായി നേരില്‍ സംസാരിച്ചത്.” ഗവേഷണ വിദ്യാര്‍ത്ഥിയായ സക്കീര്‍ പറഞ്ഞു. ഇവിടെ വന്നപ്പോഴാണ് അവര്‍ സാധാരണ പോലെ ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്ത് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് സക്കീര്‍ പറയുന്നത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ് യാത്ര നീളാന്‍ കാരണമെന്ന് കേരള ഹൗസ് അധികൃതര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ തന്നെ ഒരു മണിക്കൂര്‍ കൊണ്ട് ലിസ്റ്റ് തയ്യാറാക്കി കൊടുത്തിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ശ്രമിക് ട്രെയിനിന് കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട 15 ലക്ഷം രൂപ ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി നല്‍കാമെന്ന് അറിയിച്ച് കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു എന്നും എന്നാല്‍ ആ കത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നുമാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ സ്‌നേഹ സാറ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. കേരള ഹൗസില്‍ വെച്ച് നോര്‍ക്ക ഉദ്യോഗസ്ഥരുമായി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച സ്‌നേഹ പറയുന്നത്, നോര്‍ക്ക ഉദ്യോഗസ്ഥര്‍ തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ട്രെയിന്‍ വൈകാന്‍ കാരണമായി പറഞ്ഞതെന്നാണ്. “ശ്രമിക് ട്രെയിന്‍ വൈകാന്‍ കാരണം ഒരു ശരിയായ ലിസ്റ്റ് തയ്യാറാക്കാന്‍ ഉള്ള പ്രയാസമാണ് എന്നാണ് ആദ്യം അവര്‍ പറഞ്ഞ കാരണം. ആദ്യം റെജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പലരും പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്തു, അതിനാല്‍ ഈ ലിസ്റ്റ് അപൂര്‍ണമാണ് എന്നാണ് പറഞ്ഞത്. അതിന് ഞങ്ങള്‍ പരിഹാരം അവിടെ വെച്ച് തന്നെ കണ്ടെത്തി, ലിസ്റ്റ് തയ്യാറാക്കി കൊടുക്കാം എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കി. അപ്പോള്‍, അടുത്ത പ്രശ്‌നം, റെയില്‍വേയില്‍ അടക്കാനുള്ള 15 ലക്ഷം രൂപയുടേതായി. കേരള സര്‍ക്കാരിന് ഈ തുക അടക്കാന്‍ സാധിക്കില്ല എന്നാണ് അവര്‍ ഞങ്ങളെ അറിയിച്ചത്. ഇതിനും ഞങ്ങള്‍ പരിഹാരം കണ്ടെത്തിക്കൊടുത്തു, ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ഇത് വഹിക്കാമെന്ന് ഏറ്റിട്ടുണ്ടെന്ന പ്രൊപ്പോസല്‍ അവരുടെ മുന്നില്‍ വെച്ചപ്പോള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി, അത് വലിയ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുമെന്നായിരുന്നു. അതുകൊണ്ട് അത്തരത്തില്‍ പൈസ സ്വീകരിക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്, വ്യക്തമായ പൊളിറ്റിക്കല്‍ ഈഗോയുടെ പുറത്താണ് കേരള സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങളോട് സംസാരിക്കുന്നത്.” സ്‌നേഹ സാറ പറയുന്നു.

എന്നാല്‍, ഇത് ഈഗോ ക്ലാഷ് നടത്തേണ്ട സമയമല്ല, ഞങ്ങളുടെ ജീവന്‍ പണയം വെ്ച്ച് കൊണ്ടുള്ള കളിയാണിത്. പല ഹോസ്റ്റലുകളും വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് കിട്ടിക്കഴിഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഇനി എങ്ങോട്ടാണ് പോവേണ്ടത്. കൂടാതെ ഇപ്പോള്‍, സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനിന് രാജധാനിയുടെ ടിക്കറ്റ് നിരക്കാണ് ഫോളോ ചെയ്യുന്നത്. അതില്‍ 5000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് പോവുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് താങ്ങാവുന്നതിലും അധികമാണ് ആ സംഖ്യ. കൂടാതെ, ആദ്യം സര്‍വ്വീസ് നടത്തിയ പ്രത്യേക ട്രെയിനില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അനുസരിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയയം, ഡല്‍ഹിയില്‍ കോവിഡ് വൈറസ് വ്യാപനം തുടരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ നാട്ടിലെ ബന്ധുക്കള്‍ക്കിടയിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം എട്ട് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 123 ആയി. ഇതുവരെ 8895 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here