ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് സർവ്വീസിൽ നിന്ന് വിരമിക്കും

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് സർവ്വീസിൽ നിന്ന് വിരമിക്കും. നിലവിലെ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായ ഡോക്ടർ ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത. മേത്തക്ക് ചീഫ് സെക്രട്ടറി പദവിയിൽ ഒന്നര വർഷത്തെ സർവ്വീസ് ലഭിക്കും.

1984 ഐ.എ.എസ് ബാച്ചുകാരനായ ടോംജോസ് തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ, 2018 ജൂൺ 30 നാണ് ചീഫ് സെക്രട്ടറി പദവിയിലെത്തിയത്. ടോം ജോസിന് പകരക്കാരനായി ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായ ഡോക്ടർ ബിശ്വാസ് മേത്തയാണ് പരിഗണിക്കുന്നത്.1984 ബാച്ചിലെ അനന്തകുമാർ, 1985 ബാച്ചിലെ ഡോ. അജയകുമാർ, ഡോ. ഇന്ദർജിത് സിംഗ് എന്നിവരിൽ ആരെങ്കിലുമായിരുന്നു ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇവർ തൽക്കാലം കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള സീനിയർ ഐ.എ.എസ്. ഓഫീസറെന്നതും ഇരു മുന്നണികൾക്കും പ്രിയങ്കരനായതുമാണ് മേത്തക്ക് ഗുണമാകുന്നത്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യൂവകുപ്പിലെ പല വിവാദ ഉത്തരവുകളിലും ഒപ്പിട്ടത് ബിശ്വാസ് മേത്തയായിരുന്നു. നെല്ലിയാമ്പതിയിലെ പോബ്സിന്റെ 833 ഏക്കര്‍, കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ അനുമതി, മെത്രാന്‍ കാലയലിലെ 378 ഏക്കര്‍ പാടശേഖരവും , കടമക്കുടിയിലെ 47 ഏക്കര്‍ ഭൂമിയും വന്‍കിട പദ്ധതികള്‍ക്കായി നികത്താന്‍ അനുമതി നൽകി തുടങ്ങി യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളില്‍ പങ്കുള്ള ഉദ്യോഗസ്ഥനാണ് ബിശ്വാസ് മേത്ത. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ബിശ്വാസ് മേത്തയെ നിലനിര്‍ത്തിയതില്‍ മുന്നണിയില്‍ തന്നെ അതൃപ്തി നിലനിന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം ബിശ്വാസ് മേത്തക്ക് തുണയാണി.

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോളും ഭരിക്കുന്നവരോടുള്ള വിധേയത്വം മേത്ത തുടർന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ മേത്ത നടത്തിയ നീക്കങ്ങൾ. നിലവിലെ റാങ്കനുസരിച്ച് സീനിയോറിറ്റിയിൽ കേരള കേഡറിൽ നാലാമനാണ് 1986 ബാച്ചുകാരനായ ബിശ്വാസ് മേത്ത. രാജസ്ഥാൻ സ്വദേശിയായ മേത്തയ്ക്ക് ചീഫ് സെക്രട്ടറി പദവിയിൽ ഒന്നര വർഷത്തെ സർവ്വീസ് ലഭിക്കും. അതേസമയം ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറി ആകുന്നതോടെ ഒഴിവ് വരുന്ന ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്ക് 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ നിലവിലെ പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് , വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് എന്നിവർക്ക് പുറമേ 1990 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. വി.വേണുവിനെയും പരിഗണിക്കുന്നുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here