ഓൺലൈൻ റിലീസിന് തയാറെടുത്ത് മലയാള ചിത്രം ‘സൂഫിയും സുജാതയും’

തിരുവനന്തപുരം: ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ മലയാളസിനിമയും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നു. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയാണ് ആദ്യമായി ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്.
ജയസൂര്യയാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബർ രംഗത്തെത്തി. തിയറ്റർ ഉടമകൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ‘സൂഫിയും സുജാതയും’സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചു. അവരുമായി ചർച്ച നടത്തുമെന്നും ഫിലിം ചേംബർ അറിയിച്ചു. തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിൽ ഉൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാൻ തയാറെടുത്തിരുന്നു. സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ് നിർമിച്ച് ജ്യോതിക നായികയായ ‘പൊൻമകൾ വന്താൽ’ എന്ന തമിഴ് സിനിമ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചത് തമിഴകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.