ഡറാഡൂണ്‍: രാജ്യത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രം തുറന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ക്ഷേത്രം തുറക്കുന്നത്. ബദരിനാഥ് ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് നടത്തിയത്. നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ ആദ്യപൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടിയായിരുന്നു നടത്തിയത്.

പ്രധാന പൂജാരിയും ദേവസ്ഥാനം ബോര്‍ഡ് അധികൃതരും ഉള്‍പ്പെടെ വളരെ കുറച്ചുപേരാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലരയ്ക്ക് നടന്ന പൂജയില്‍ പങ്കെടുത്തത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരിനാഥിലെ തീര്‍ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

അതേസമയം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും ക്ഷേത്രകാര്യങ്ങളില്‍ മുന്നോട്ട് പോവുകയെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here