ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിയെ നേരിടാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ വിവരിക്കാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് നാലിനാണ് ധനമന്ത്രിയുടെ വാർത്താസമ്മേളനം. രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രവാസികൾക്കുമുൾപ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നൽകിയത്. ഒപ്പം പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നൽകാനുമള്ള ടാസ്ക് ഫോഴ്സിനെ നയിക്കുകയും ചെയ്യുന്ന നിർമല സീതാരാമൻ ഇന്നു മുതൽ അറിയിക്കുമെന്നും വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായാണ് ഇനി രാജ്യം കാത്തിരിക്കുന്നത്. ഒരു സ്വയംപര്യാപ്ത ഇന്ത്യയെ വാർത്തെടുക്കാനായി വിവിധ തട്ടിലുള്ളവരുടെ മുന്നേറ്റത്തിന് ഊന്നൽ നൽകുന്നതെല്ലാം പാക്കേജിൽ ഉണ്ടെന്ന സൂചന നൽകിയതോടെ രാജ്യം ഏറെ പ്രതീക്ഷയിലാണ്. സാമ്പത്തിക മേഖല പൂർണമായിത്തന്നെ പുനരാരംഭിക്കാൻ ധനമന്ത്രി എന്താണ് കരുതിയിരിക്കുന്നത് എന്ന് അറിയാൻ.

പ്രധാനമന്ത്രിയുടെ പാക്കേജ് ‘യുകെ’ മോഡൽ

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് യുകെ മാതൃകയെന്ന് വിദഗ്ധർ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേ ഇന്നലെ രാത്രിയാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് തൊഴിൽ വ്യാപാര മേഖലയേയും ആരോഗ്യമേഖലയേയും ഉത്തേജിപ്പിക്കുന്നതിനായി മാർച്ചിൽ യുകെയിൽ പ്രഖ്യാപിച്ച 27 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനു സമാനമാണെന്നാണ് വിലയിരുത്തൽ. ഇതിനു പുറമേ വ്യവസായികൾക്ക് വായ്പ നൽകുന്നതിനായി 33000 കോടി പൗണ്ടിന്റെ പാക്കേജും യുകെ പ്രഖ്യാപിച്ചിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എല്ലാ തൊഴിലാളികളുടെയും വരുമാനം ഉറപ്പാക്കുന്ന ചെറു–മധ്യ–വൻകിട വ്യാപാരമേഖലകൾക്ക് സമഗ്രമായി ഉപയോഗപ്പെടുന്ന പാക്കേജായിരിക്കും എന്നാണ് ഉയർന്ന വൃത്തങ്ങൾ പറയുന്നത്.

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10 % വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചത്. പലിശയിളവ്, ഉദാര വായ്പ, വ്യവസായ മേഖലയ്ക്ക് അതിവേഗ അനുമതികൾ തുടങ്ങിയവ ഉൾപ്പെടും. തൊഴിലാളികളെയും നികുതിദായകരായ മധ്യവർഗത്തെയും കുടിൽ വ്യവസായങ്ങളെയും പരിഗണിക്കും. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നതാകും. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും പ്രധാന്യം നൽകുന്നതാകുമെന്നുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. കേന്ദ്ര ബജറ്റിലെ റവന്യു വരുമാനത്തിന് തുല്യമായ തുകയാണു പാക്കേജായി പറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ റവന്യു വരുമാനം 20,20,926 കോടി രൂപയാണ്.
ലോക്ഡൗൺ എട്ടാം ആഴ്ചയിലേക്കു കടക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കു മേൽ കനത്ത പ്രഹരമാണ് സൃഷ്ടിക്കുക. വ്യവസായങ്ങൾ ഇല്ലാതാകുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോട കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി അപകടത്തിലാണ്. മാസങ്ങളായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ പുതിയ പ്രഖ്യാപനങ്ങൾ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വരുമാനത്തിന്റെ പങ്ക് ആവശ്യപ്പെട്ടും സാമ്പത്തിക പാക്കേജ് ഉന്നയിച്ചും സംസ്ഥാന മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here