അബുദാബി : യുഎഇയിൽ രണ്ടു പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 32,000 പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രണ്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 19,661ഉം, മരിച്ചവർ 203ഉം ആയതായി അധികൃതർ അറിയിച്ചു. 631 പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 6,012ആയി ഉയർന്നു.രാജ്യത്ത് ഇതുവരെ ആകെ 15 ലക്ഷം പേർക്ക് പരിശോധന നടത്തി.
സൗദിയിൽ ഒൻപതു പേർ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 26നും 64നും ഇടയിൽ പ്രായമുള്ള. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ് മരണമടഞ്ഞത്. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ് മരിച്ചതെന്നും ഇതോടെ ആകെ മരണസംഖ്യ 264 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് വാദി ദവാസിറിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പുതുതായി 1911 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42,906ലെത്തി. 2520 പേർ കൂടി സുഖം പ്രാപിച്ചതോടെ എണ്ണം 15257 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നത് 27404 പേരാണ്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിൽ കഴിയുന്നു.
ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25000പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,250 പേരില്‍ നടത്തിയ പരിശോധനയിൽ 1,526 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഇന്ന് ഉയർന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,149 എത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 3,019ആയി ഉയർന്നു. നിലവിൽ 22,116 പേരാണ് ചികിത്സയിലുള്ളത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 14പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് 19 പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,13,52,93ലെത്തി.
ഒമാനില്‍ ഇന്ന് 148 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 115 വിദേശികളും 33 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 3721- ആയി രോഗമുക്തി നേടിയവരുടെ എണ്ണം 1250ആയി ഉയർന്നെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പതിനേഴ് പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്.
