പാസില്ലാതെ വാളയാര്‍ ചെക്ക്പോസ്റ്റിലെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം സഞ്ചരിച്ച ഒമ്പത് പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. മെയ് 9ന് രാവിലെ 10.30നാണ് ഇവര്‍ വാളയാറിലെത്തിയത്. ഇവിടെവെച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു. രാത്രിയില്‍ ഇദ്ദേഹത്തിന് തലകറക്കവും ചര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
ചെന്നൈ കൊട്ടിപാക്കത്ത് ജ്യൂസ് കടയിൽ ജോലിക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ച പള്ളിക്കൽ ബസാർ സ്വദേശി. ഇദ്ദേഹത്തിനൊപ്പം വന്നവരില്‍ കോഴിക്കോട് സ്വദേശിയായ ഒരാളെ പാലക്കാട് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ മെയ് 11ന് മലപ്പുറത്തേക്ക് എത്തിച്ചു. ഇവരെ പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. പള്ളിക്കല്‍ ബസാര്‍ സ്വദേശിയുടെ സാമ്പിളെടുത്ത് ചികിത്സ നടത്തുന്നത് പാലക്കാട് ജില്ലയിലായതിനാല്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെടില്ല.
അതെസമയം ഈ കോവിഡ് രോഗി എത്തിയ ദിവസം വാളയാറില്‍ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് ആശങ്ക വളരുന്നുണ്ട്. മെയ് 9ന് വൈകീട്ടായിരുന്നു കോൺഗ്രസ് എംപിമാരായ വി കെ ശ്രീകണ്ഠന്, എൻ പ്രതാപൻ, രമ്യ ഹരിദാസ്, എംഎഎല്‍എ അനിൽ അക്കര എന്നിവര്‍ വാളയാറിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. പാസ് ഇല്ലാത്തവരെയും കടത്തിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പാസ് ഇല്ലാതെ എത്തുന്നവരെ നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ലെന്ന് കാട്ടി അധികൃതര്‍ അതിന് അനുവാദം നല്‍കിയില്ല.
ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. നാല് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.
