പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന വ്യാജ പ്രചരണവുമായി സിപിഎം നേതാവ്. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഫേസ്ബുക്കിലൂടെ ഷാഫിക്ക് എതിരെ വ്യാജ പ്രചരണം നടത്തിയത്.

ADVERTISEMENT

‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാളയാറില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് സിപിഎം നേതാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍ സജീവമായി ഇടപെടുന്ന ഒരു എംഎല്‍എക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിച്ചേക്കും. ഇതേ കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

‘ഷാഫി പറമ്പില്‍ എം എല്‍ എക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാര്‍ കോണ്‍ഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബര്‍ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യും. കോണ്‍ഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാം.’ എന്നാണ് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായതോടെ സിപിഎം നേതാവ് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. പോസ്റ്റ് ലഭിച്ചത് സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണെന്നും ആ പോസ്റ്റ് വലിയ തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും ഈ വിഷയത്തില്‍ ഷാഫി പറമ്പിലിനോടും സഹപ്രവര്‍ത്തകരോടും മാപ്പ് അപേക്ഷിക്കുന്നുവെന്നുമാണ് സോമരാജിന്‍റെ പോസ്റ്റിലുള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here