തിരുവനന്തപുരം; ഇന്നാണ് ലോക നഴ്സ് ദിനം. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്.ലോകം നഴ്സസ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരയുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുകയാണ് അവർ.

അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോൾ തങ്ങളുടെ ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേർന്ന് പ്രവർത്തിക്കുകയാണ് അവർ ഓരോരുത്തരും.

നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം- നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ ഒന്ന് നഴ്സുമാരാണ്.

അപകടകാരിയായ ഒരു വൈറസ് ഉയർത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവർ അദ്ധ്വാനിക്കുകയാണ്. അവരിൽ രോഗബാധിതരായവർ പോലും ഭയന്നു പിൻവാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്.

കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിൻ്റെ മുൻപന്തിയിൽ മലയാളികളായ നഴ്സുമാർ പ്രവർത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്സസ് ദിനത്തിൽ ഈ ഘട്ടത്തിൽ അവരുൾപ്പെടെ എല്ലാ നഴ്സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപ്പ പകർച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ മരണമടഞ്ഞ സിസ്റ്റർ ലിനിയുൾപ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു….

പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ..

എല്ലാ നഴ്സുമാർക്കും ഗുരുവായൂർ ഓൺലൈൻ ആശംസകൾ നേരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here