തിരുവനന്തപുരം: കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇന്നുണ്ടാകില്ല. മൂന്ന് മണിക്ക് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സുള്ളതിനാലാണ് വാര്‍ത്താസമ്മേളനം ഇന്ന് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇതിനു മുന്നോടിയായി വൈകുന്നേരം നാലുമണിക്ക് കൊവിഡ് അവലോകന യോഗവും ചേരുമായിരുന്നു. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ കാലഘട്ടം അവസാനിക്കാന്‍ ആറ് ദിവസം കൂടി അവശേഷിക്കവേ രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ യോഗത്തില്‍ ട്രെയിന്‍ സര്‍വീസ് നടത്താനുള്ള തീരുമാനം അടക്കം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണം എന്ന കേന്ദ്ര നിലപാടാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നില്‍. എന്നാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചചെയ്യും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു . ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരേണ്ടത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here