ഗുരുവായൂർ: പ്രവാസികളെയെല്ലാം  അതാതു തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ക്വാറന്റീന്‍ നല്‍കി പാര്‍പ്പിക്കണമെന്നു  പറഞ്ഞതു കൊണ്ട് തന്നെ ചിലര്‍ പ്രവാസിവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രവാസികളെ എക്കാലവും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്നതു കൊണ്ടാണ് താൻന്‍ മേല്‍പ്പറഞ്ഞ നിലപാട് എടുത്തതെന്നും ഗുരുവായൂർ നഗരസഭ കൗൺസിലർ ആൻ്റോ തോമസ് അഭിപ്രായപെട്ടു.

അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്; ജില്ലയിലെ എല്ലാ പ്രവാസികളെയും ക്വാറന്റീന്‍ ചെയ്യാനായി ഗുരുവായൂര്‍ക്ക് കൊണ്ടു വരുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നു തന്നെയാണ് എന്റെ ചോദ്യം.  ഗുരുവായൂരില്‍ 150 ലോഡ്ജുകള്‍ ഉണ്ട് എന്നത് മാത്രമാണോ.

പ്രവാസികള്‍ക്ക് കോവിഡ് അല്ലാതെ മറ്റ് എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സിക്കാന്‍ എന്തു സൗകര്യമാണ് ഗുരുവായൂരിലുള്ളത്. നല്ലൊരു ആശുപത്രിയുണ്ടോ. ഗുരുവായൂരിലെ കാനകള്‍ അമൃത് പദ്ധതിക്കായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ അഴുക്കുവെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അറിയാമോ. മാലിന്യ സംസ്‌കരണത്തിനുള്ള അഴുക്കുചാല്‍ പദ്ധതിയടക്കം ഒരു സൗകര്യവും ഗുരുവായൂരില്‍ ഇല്ലെന്നത് കൂടി ഇവര്‍ അറിഞ്ഞിരിക്കണം.

ക്വാറന്റീനില്‍ ആളുകളെ പാര്‍പ്പിക്കുമ്പോള്‍ ജനവാസമേഖലയില്‍ നിന്നും റോഡരികില്‍ നിന്നും  ഒഴിവാക്കി വേണ്ടേ സംവിധാനമൊരുക്കാന്‍. ഗുരുവായൂരില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലല്ലേ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ളവര്‍ക്ക് കച്ചവടം ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കേണ്ട. ഇവരെ ജനസമ്പര്‍ക്കമില്ലാതെ  അടുത്തടുത്ത സ്ഥലങ്ങളില്‍ താമസിപ്പിക്കേണ്ടതല്ലേ.

ഗുരുവായൂര്‍ ക്ഷേത്രത്തെ ആശ്രയിച്ച് പതിനായിരങ്ങളാണ് ജീവിക്കുന്നത്. കടകള്‍ തുറക്കാമെന്നു പറഞ്ഞിട്ടും ക്ഷേത്രപരിസരത്തെ നൂറു കണക്കിന് കടകളില്‍ ഒന്നു പോലും തുറന്നിട്ടില്ല. തീര്‍ഥാടകരെ മാത്രം ആശ്രിയിച്ചു കഴിയുന്ന ഒരു സ്ഥലത്ത് തീര്‍ഥാടകര്‍ ആശങ്കയില്ലാതെ എത്തിച്ചേര്‍ന്നാലല്ലേ, ഇവിടെ ജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങി വരികയുള്ളു.
കുന്നംകുളവും ചാവക്കാടും പാവറട്ടിയുമെല്ലാം  കടകള്‍ തുറന്ന് സാധാരണ സ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഗുരുവായൂരാകെ മൂകമാണ്. നിശബ്ദമാണ്.  

കൂട്ടം കൂട്ടമായി പ്രവാസികളെ ആദ്യം തന്നെ ഇവിടേയ്ക്ക് കൊണ്ടു വരുന്നത് എന്തിന്. ലോഡ്ജുകള്‍ കൂടുതലുള്ളതിനാല്‍ ഇവിടെ കൊണ്ടു വന്ന് താമസിപ്പിക്കുന്നതാണ്  ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും എളുപ്പം എന്നതാണ് കാരണം. പ്രവാസികളെ താമസിപ്പിക്കേണ്ടത് അതാത് പഞ്ചായത്ത്, നഗരസഭ മേഖലകളിലാണ്. അവിടെ സ്ഥലം ഇല്ലെങ്കില്‍ അവരെ ഗുരുവായൂര്‍ക്ക് തീർച്ചയായും കൊണ്ടുവരണം  നമ്മള്‍ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യും. അത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്. സ്വന്തം വീട്ടില്‍ സ്ഥലമുണ്ടായിട്ടും ഉറ്റവരെ മറ്റുള്ളവന്റെ വീട്ടില്‍ താമസിപ്പിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. ഇപ്പോള്‍ ഗുരുവായൂരില്‍ ക്വാറന്റീനില്‍ ഉള്ളവരില്‍ ഒരാള്‍ പോലും ഗുരുവായൂര്‍ നഗരസഭയില്‍ ഉള്ളവരല്ല.

ഗുരുവായൂര്‍ സജീവമാകണം. ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ എത്തണം. തിക്കും തിരക്കുമായി ജീവിതം നിറമുള്ളതാകണം. കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കും പൂക്കച്ചവടക്കാര്‍ക്കും ലോഡ്ജുടമകള്‍ക്കും പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും ജീവിതം തിരിച്ചു പിടിക്കണം. അതിന് അധികാരികള്‍ ശ്രദ്ധിക്കണം.

മടങ്ങി വരുന്ന പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം  എന്നാൽ സ്ഥലമുള്ളതു കൊണ്ട് എല്ലാവരും ഗുരുവായൂര്‍ക്ക് എന്ന നിലപാട് ശരിയല്ല.  

ആൻ്റോ തോമസ്  നിലപാട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here