ഗുരുവായൂർ: പ്രവാസികളുടെയും മറുനാട്ടിൽനിന്ന് മടങ്ങുന്നവരുടെയും ക്വാറന്റൈൻ താമസത്തിന് ഗുരുവായൂരിൽ കൂടുതൽ ലോഡ്‌ജുകൾ ഏറ്റെടുക്കില്ല. 145 ലോഡ്‌ജുകൾ ആവശ്യമായി വരുമെന്ന് ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.

ADVERTISEMENT

എന്നാൽ, മൂന്ന്‌ ലോഡ്‌ജുകൾ മാത്രമാണിപ്പോൾ ക്വാറന്റൈൻ കേന്ദ്രം. ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം ഗസ്റ്റ് ഹൗസിൽ ഞായറാഴ്‌ച രണ്ടുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നെത്തിയവരാണവർ. ബസ് സ്റ്റാൻഡിനടുത്തുള്ള ലോഡ്‌ജിൽ ഞായറാഴ്‌ച ഏഴുപേർ കൂടിയെത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ മലയാളികളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. ഇതോടെ 57 പേരായി.

ഇവിടെ മുറികളൊഴിവില്ലാത്തതിനാലാണ് രണ്ടുപേരെ കൗസ്തുഭത്തിലേക്കു മാറ്റിയത്. ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകൾ ഒഴിവാക്കുമെന്ന് കളക്ടർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പ്രവാസി മലയാളികൾ താമസിക്കുന്നത് മമ്മിയൂരിലെ ഹോട്ടലിലാണ്. അടുത്ത വിമാനത്തിലെത്തുന്നവരെ താമസിപ്പിക്കാൻ കെ.ടി.ഡി.സി.യടക്കമുള്ള മൂന്ന്‌ ലോഡ്‌ജുകളാണ് നോക്കിവെച്ചിട്ടുള്ളത്.

കൂടുതൽ ലോഡ്‌ജുകൾ ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ഏറ്റെടുത്തവ സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ലോഡ്‌ജ്‌ ഓണേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിച്ചു. ലോഡ്‌ജുകൾ എത്രകാലം ഏറ്റെടുക്കുമെന്നും മുറികളുടെ വാടകയടക്കമുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്നും ആശയക്കുഴപ്പമുണ്ടെന്നാണ് അസോസിയേഷൻ കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ച ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here