ഡൽഹി: ലോക്ക് ഡൗണിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിക്കുമ്പോൾ കേരളത്തിലേക്ക് ആദ്യ സർവീസ് മെയ് 13ന് ഉണ്ടാകുമെന്ന് സൂചന. തിരിച്ച് മെയ് 15നാകും തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുളള സർവീസ്. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും കോഴിക്കോടുമാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. മം​ഗ്ളൂരുവിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മെയ് 13ന് രാവിലെ 10.55നാണ് ഡൽഹിയിൽനിന്ന് ട്രെയിൻ പുറപ്പെടുക. മേയ് 15ന് രാത്രി 7.15ന് തിരികെയുള്ള സർവിസും ആരംഭിക്കും. ട്രെയിൻ സമയക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. മേയ് 12 മുതൽ ഭാഗികമായി പരീക്ഷണ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന 15 നഗരങ്ങളുമായി ബന്ധപ്പെടുത്തി ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ഇന്നലെ അറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരവും ബാംഗ്ലൂരും ചെന്നൈയും അടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ട്രെയിനുകളുടെ സർവീസ്. ഇന്ന് വൈകിട്ട് നാല് മണി മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈനുകൾ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുളളൂ. ഐആർസിടിസിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താൻ. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.

എ.സി കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാവുക. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. ട്രെയിൻ ഷെഡ്യൂൾ ഉടൻ ലഭ്യമാക്കും. നിലവിൽ 20,000 കോച്ചുകൾ കൊവിഡ് കെയർ സെന്‍ററുകളാക്കി റെയിൽവെ മാറ്റിയിരുന്നു. കൂടാതെ 300 തീവണ്ടികൾ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി മാത്രം സർവീസ് നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here