നെടുമ്പാശേരി : ഗള്‍ഫില്‍ നിന്ന് മൂന്ന് ഫ്‌ളൈറ്റുകളിലായി ഇന്നലെ എത്തിയത് നവജാത ശിശുക്കളും കുട്ടികളും അടക്കം 545 പേര്‍. കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നി രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ക്ക് ശേഷം ഗര്‍ഭിണികളായ സ്ത്രീകളെയും കുട്ടികളെയും അസുഖബാധിതരായ പ്രായമുളളവരെയും വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയാനായി വിട്ടു. ബാക്കിയുളളവരെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കുവൈത്തില്‍ നിന്നും ഇന്നലെ രാത്രി 9.30ഓടെ കൊച്ചിയില്‍ എത്തിയ ഫ്‌ളൈറ്റില്‍ ഗര്‍ഭിണികള്‍ അടക്കം 177 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്ക് മുന്നോടിയായി ഇവര്‍ക്ക് കുവൈത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. തെര്‍മ്മല്‍ സ്‌കാന്‍ വഴി പനിയില്ലെന്ന് ഉറപ്പാക്കിയാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്.

ഒമാനില്‍ നിന്നുമുളള പ്രവാസികളുമായി രാത്രി പത്തുമണിയോടെയാണ് എയര്‍ഇന്ത്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. 48 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും അടക്കം 181 യാത്രക്കാരാണ് മസ്‌കറ്റില്‍ നിന്നും തിരിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. റാപ്പിഡ് ടെസ്റ്റ് നടത്താതെ, തെര്‍മ്മല്‍ സ്‌കാനിങ് വഴി പനിയുണ്ടോ എന്ന് പരിശോധിച്ചാണ് ഇവരെയും വിമാനത്തില്‍ കയറ്റിയത്.

ഖത്തറില്‍ നിന്നും പുറപ്പെട്ട വിമാനം പുലര്‍ച്ചെ 1.40നാണ് കൊച്ചിയില്‍ എത്തിയത്. ആറ് നവജാത ശിശുക്കളും ഗര്‍ഭിണികളും അടക്കം 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്ര ആരംഭിച്ച ദോഹ വിമാനത്താവളത്തില്‍ ഇവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. തെര്‍മ്മല്‍ സ്‌കാന്‍ നടത്തി പനിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു ഇവരെ യാത്രയ്ക്ക് അനുവദിച്ചത്. വിദേശത്ത് നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ തുടങ്ങിയതിന് ശേഷം കേരളത്തില്‍ നെടുമ്പാശേരിയിലും കരിപ്പൂരിലൂമായി ഇതുവരെ ഏഴ് വിമാനങ്ങളാണ് എത്തിയത്.

മേയ് ഒന്‍പത് ശനിയാഴ്ച കുവൈത്ത്, മസ്‌കത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫ്‌ളൈറ്റുകളും മേയ് എട്ട് വെളളിയാഴ്ച റിയാദില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഓരോ വിമാനങ്ങളും മേയ് ഏഴ് വ്യാഴാഴ്ച അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തില്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here