മുട്ടയ്ക്കുള്ളിൽ ‘പച്ചക്കരു’ ;സ്പെഷൽ മുട്ടകൾക്ക്
ആവശ്യക്കാർ ഏറെ..

കോട്ടയ്ക്കൽ∙ ഒതുക്കുങ്ങലിലെ ശിഹാബുദ്ദീൻ വളർത്തുന്ന കോഴികൾക്കൊരു പ്രത്യേകതയുണ്ട്. ഇവയിടുന്ന മുട്ടകൾക്കുള്ളിലെ മഞ്ഞക്കരുവിന്റെ നിറം കടുംപച്ചയാണ്. ഒന്നര വർഷമായി അമ്പലവൻ കളപ്പുരയ്ക്കൽ ശിഹാബുദ്ദീൻ കോഴി വളർത്തൽ തുടങ്ങിയിട്ട്. 10 മാസം മുൻപാണ് ആദ്യമായി കോഴികൾ പച്ചക്കരുവുള്ള മുട്ടയിട്ടു തുടങ്ങിയത്.
കോഴികളുടെ ഭക്ഷണത്തിൽ പരുത്തിക്കുരു, പച്ചപ്പട്ടാണി, ബേക്കറി ഇനങ്ങൾ എന്നിവ കലർന്നതുമൂലം മഞ്ഞക്കരുവിൽ സൾഫറിന്റെ അംശം കൂടിയതാണ് നിറംമാറ്റത്തിന് കാരണമെന്നു സംശയിക്കുന്നതായി കഞ്ഞിപ്പുര ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ.ബി.സുരേഷ് പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പഠനം നടത്തുമെന്നും അറിയിച്ചു. എന്തായാലും സ്പെഷൽ മുട്ടകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഒരാഴ്ച മുൻപ് ചോദിച്ചവർക്കു പോലും കൊടുക്കാൻ സാധിച്ചിട്ടില്ലെന്ന് ശിഹാബുദ്ദീൻ പറയുന്നു.
