തൃശൂർ: മിമിക്രി കാലാകരനും സിനിമാതാരവുമായ കലാഭവൻ ജയേഷ് അന്തരിച്ചു. ക്യാൻസർ രോഗബാധിതനായതിനെ തുടർന്ന് തൃശൂർ ഇത്തുപ്പാടം ശാന്തി ആശുപത്രിയിൽ ചികിത്സയിലരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ജയേഷ് ഇത്തുപ്പാടം എന്നാണ് ശരിയായ നാമം. ഇത്തുപ്പാടത്ത് അരീക്കാട്ട് ഇല്ലിമറ്റത്ത് ഗോവിനന്ദൻകുട്ടിയുടേയും ഗൗരിടീച്ചറിന്റേയും മകനാണ്.
19 വർഷമായി മിമിക്രിവേദികളിൽ നിറഞ്ഞുനിൽക്കുന്ന കലാഭവൻ ജയേഷ് 11 സിനിമകളിൽ അഭിനയിച്ചു. കൊച്ചിൻ കലാഭവനിൽ ഒരു വർഷം മിമിക്രി അവതരിപ്പിച്ച ജയേഷ് കോട്ടയം നസീറിനൊപ്പം മൂന്നു വർഷമുണ്ടായിരുന്നു.ലാൽ ജോസിന്റെ ‘മുല്ല’യായിരുന്നു ആദ്യ സിനിമ. പിന്നെ പാസഞ്ചർ, ക്രേസി ഗോപാലൻ, എൽസമ്മ എന്ന ആൺകുട്ടി, മോളി ആന്റി റോക്സ്, കരയിലേക്കൊരു കടൽ ദൂരം തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
ഇന്നസെന്റ് കഥകൾ, ഫൈവ് സ്റ്റാർ തട്ടുകട, വാൽക്കണ്ണാടി, ജഗപൊഗ, നമ്മൾതമ്മിൽ, ചിരിക്കും പട്ടണം, മില്ലേനിയം മിമിക്സ്, സിനിമാ ചിരിമാല , സിനിമാല തുടങ്ങി വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. ‘സിനിമാല’യിൽ രമേശ് ചെന്നിത്തലയുടെ അപരനായെത്തുന്നത് ഏറെ അഭിനന്ദനങ്ങൾ നേടിത്തരുന്നുണ്ടെന്ന് ജയേഷ് പറയുന്നു.
കോളേജ് കലോത്സവ വേദികളിലൂടെയായിരുന്നു ജയേഷിന്റെ തുടക്കം. തൃശ്ശൂർ കേരള വർമ്മ കോളേജിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന ഇന്റർ കൊളീജിയറ്റ് മോണോ ആക്ട് മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ജയേഷ്. കേരളവർമ്മയിൽ പഠിക്കുന്ന കാലത്ത് ഡി-സോൺ കലോത്സവത്തിൽ ഒന്നാമതെത്തിയ ‘ഡെത്ത് വാച്ച്’ എന്ന നാടകത്തിലെ പ്രധാന നടനുമായിരുന്നു. ‘സു സു സുധി വാത്മീക’ത്തിലെ ബസ് കണ്ടക്ടറും ജയേഷിന്റെ ശ്രദ്ധിക്കപ്പെട്ട വേഷമായി.
ജയരാജ് വാര്യരെ ഗുരുസ്ഥാനീയനായി കാണുന്ന ജയേഷ് ഹാസ്യാവതരണവും ചാക്യാർകൂത്തും അവതരിപ്പിക്കാറുണ്ട്.സോൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രത്തെ അന്തരിച്ച നടി കല്പന അഭിനന്ദിച്ചത് ജയേഷ് വലിയ അംഗീകാരമായി കരുതുന്നു. മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം മറ്റത്തൂരിൽ കഴിയുന്ന ജയേഷിന്റെ ഭാര്യ: സുനജ. മക്കൾ: ശിവാനി, സിദ്ധാർത്ഥ്. സംസ്കാരം നാളെ നടക്കും.