ദോഹയില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഖത്തറില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാരില്‍ ചിലര്‍ക്ക് ഖത്തര്‍ യാത്രാനുമതി നിഷേധിച്ചതാണ് ക്ലിയറന്‍സ് നിഷേധിക്കാന്‍ കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് ദോഹയിലെത്തി 183 യാത്രക്കാരുമായി രാത്രി തിരുവനന്തപുരത്ത് എത്തുന്നതായിരുന്നു ഗള്‍ഫ് മേഖലയില്‍ നിന്നും സംസ്ഥാനത്തക്കുള്ള ഇന്നത്തെ വന്ദേഭാരത് മിഷന്. കൃത്യസമയത്ത് തന്നെ പൈലറ്റും മറ്റ് ജീവനക്കാരും കരിപ്പൂരില്‍ തയ്യാറായി. എന്നാല്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് ശേഷവും വിമാനം പുറപ്പെടാനുള്ള നിര്‍ദേശം മാത്രം എത്തിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഖത്തറില്‍ നിന്ന് വിമാനത്തിന് ലാന്റിങ് അനുമതി ലഭിച്ചില്ലെന്ന വിശദീകരണം എയര്‍ഇന്ത്യ എയര്‍പോര്‍ട്ടിനെ അറിയിച്ചു. എയര്‍ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കരിപ്പൂരിലെ എയര്‍ട്രാഫിക് വിഭാഗത്തിന്റെ പ്രവര്‍ത്തന സമയവും നീട്ടി. എന്നാല്‍ 4.35 ഓടെ വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചു. എന്നാല്‍ അപ്പോഴും ദോഹ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് കൃത്യമായി വിവരം കൈമാറിയിരുന്നില്ല എയര്‍ഇന്ത്യയും ഇന്ത്യന്‍ എംബസിയും. പിന്നീട് വിവരം ലഭിച്ചതോടെ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശം പാലിച്ചെത്തിയ യാത്രക്കാര്‍ നിരാശരായി മടങ്ങി. യാത്രക്കാരില്‍ ചിലര്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചതാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നീട് വിശദീകരിച്ചു.
