ഭ്രാന്തെടുത്ത്‌ കൂകി വിളിച്ച്‌ ഓടുന്ന മകനു പിന്നാലെ ശുഷ്‌കിച്ചുണങ്ങിയ അമ്മയും ഓടിനടന്നു. പ്രായം ഏറെയായിട്ടും, തളര്‍ച്ചകള്‍ മാറ്റിവച്ച്‌ മകന്റെ രക്ഷക്കായി ആ അമ്മ ഓടിനടന്നു, മകന്റെ ഒരു നിഴല്‍ പോലെ….തൃശൂരിന്റെ തെരുവുകളില്‍.. വിശാലമായി കിടക്കുന്ന തേക്കിന്‍കാടു മൈതാനം മുഴുവനും…
ഒരു കാലത്ത്‌ തൃശൂരിന്റെ നീറുന്ന വേദനയായിരുന്നു, അനാഥരായ ഈ അമ്മയും മകനും. ലക്ഷ്‌മി അമ്മാളും മനോരോഗിയായ മകന്‍ രാജുവും. ഉയര്‍ന്ന ബ്രാഹ്മണ കുലത്തില്‍ ജനിച്ച്‌ തെരുവില്‍ കിടന്നു മരിക്കുകയായിരുന്നു അമ്മയും മകനും. അറുപത്തേഴുകാരനായ രാജുവാണ്‌ ആദ്യം മരിക്കുന്നത്‌. അമ്മയുടെ മടിയില്‍ കിടന്ന്‌. ഒരു വര്‍ഷത്തിനു ശേഷം ലക്ഷ്‌മിഅമ്മാളും മകന്റെ അടുത്തേയ്‌്‌ക്കു യാത്രയായി…എണ്‍പതാം വയസ്സില്‍. കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ട ലക്ഷ്‌മി അമ്മാളിനെ പൊലീസ്‌ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മനുഷ്യജന്മത്തിന്റെ അര്‍ത്ഥശൂന്യത വിളിച്ചു പറയുന്ന ഒരു ജീവിതം തൃശൂര്‍ക്കാര്‍ കണ്ടു. പച്ചയായ ജീവിതം.
തൃശൂരില്‍ സ്ഥിരതാമസമാക്കിയ നല്ലൊരു തമിഴ്‌ബ്രാഹ്മണ കുലത്തിലാണ്‌ അമ്മാള്‍ ജനച്ചത്‌. കൊല്‍ക്കത്തയില്‍ ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്‌. പക്ഷെ, പതിനേഴാം വയസ്സില്‍ മകന്‍ രാജു മാനസികാസ്വാസ്ഥ്യത്തിനു അടിപ്പെട്ടതോടെ ഇവരുടെ ജീവിതം തകരുകയായിരുന്നു. ടൈപ്പ്‌ റൈറ്റിംഗ്‌ പഠിച്ചുകൊണ്ടിരിക്കെ, ഒരു ദിവസം ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നിന്നു തിരിച്ചുവന്ന രാജു മനോരോഗലക്ഷ്‌ണങ്ങള്‍ കാണിച്ചു തുടങ്ങി. അത്‌ രൂക്ഷമായതോടെ അയാള്‍ വീടുവിട്ട്‌ തെരുവില്‍ അലഞ്ഞു തുടങ്ങി. ഒരു മകളുണ്ടായിരുന്നു. അവരെ വിവാഹം ചെയ്‌തയക്കുകയും അമ്മാളുടെ ഭര്‍ത്താവു മരണപ്പെടുകയും ചെയ്‌തതോടെ തികച്ചും അനാഥയായിമാറി ഇവര്‍.
മകന്റെ മനോരോഗം മൂര്‍ച്ഛിച്ചതോടെ അമ്മാള്‍ അയാളേയും കൂട്ടി തൃശൂരിലെത്തി. പിന്നെ തെരുവുകളിലൂടെയുള്ള അലച്ചിലായി ആ ജീവിതം. മഴയിലും വെയിലിലും മഞ്ഞിലും മകന്റെ നിഴലായി ഈ വൃദ്ധ സ്‌ത്രീ നടന്നു. ഇടക്ക്‌ അസ്‌പഷ്ടമായ വാക്കുകളില്‍ അലറിവിളിച്ച്‌ രാജു ഓടും. അമ്മാള്‍ പിറകേയും…ആ മാതൃവാത്സല്യം കണ്ടു കണ്ണുനിറയാത്ത തൃശൂര്‍ നഗരവാസികളില്ലായിരുന്നു. ഒടുവില്‍ 62-ാം വയസ്സില്‍ രാജു മരിച്ചു. കേരള ബ്രാഹ്മണ സഭ ലക്ഷ്‌മി അമ്മാളെ അനാഥ മന്ദിരത്തിലെത്തിച്ചെങ്കിലും, മരിച്ചുപോയ മകന്റെ ഓര്‍മ്മകളില്‍ ആ അമ്മ വീണ്ടും തെരുവുകളില്‍ അലഞ്ഞു.. ഒടുവില്‍ 2005 നവംബറില്‍, കടത്തിണ്ണയില്‍ അവരും മരിച്ചു. മാതൃ-പുത്ര ബന്ധത്തിന്റെ തീക്ഷ്‌ണഭാവം തൃശൂരിന്റെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട്‌….

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here