ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യത്തു നിന്ന് മുങ്ങുന്നവരുടെ പട്ടികയിലേക്ക് ഒരു സംഭവം കൂടി. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്ന് 400 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമകളാണ് രാജ്യംവിട്ടത്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ബസ്മതി അരി കയറ്റുമതിക്കാരായ രാംദേവ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ ഉടമകളാണ് കോടികള്‍ വായ്പാ കുടിശിക വരുത്തി മുങ്ങിയത്. 2016 മുതലാണ് ഇവരെ കാണാതായത്. ഇതേ കാലയളവില്‍ തന്നെ കമ്പനിയെ നിഷ്ക്രിയ ആസ്തിയായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

നാലു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് എസ്.ബി.ഐ വായ്പാ കുടിശിക വരുത്തിയ കമ്പനി ഉടമകള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 28 ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ബി.ഐ അടക്കം ആറു ബാങ്കുകളില്‍ നിന്നായി മൊത്തം 414 കോടി രൂപയാണ് രാംദേവ് ഇന്‍റര്‍നാഷണല്‍ വായ്പ തരപ്പെടുത്തിയത്. എസ്.ബി.ഐയില്‍ നിന്ന് 173.11 കോടി, കനറാ ബാങ്കില്‍ നിന്ന് 76.09 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 36.91കോടി, ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 12.27 കോടി എന്നിങ്ങനെയാണ് കമ്പനി വായ്പ എടുത്തിട്ടുള്ളത്. എസ്.ബി.ഐയുടെ പരാതിയില്‍ കമ്പനി ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത എന്നിവര്‍ക്കെതിരെയും അജ്ഞാതരായ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് സി.ബി.ഐ കേസെടുത്തത്. വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here