കൊച്ചി: കൊച്ചി ലിസി ആശുപത്രിയിൽ കോതമംഗലം സ്വദേശിനി ലീന ഷിബുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം. ലീനയില്‍ ലാലി ഗോപകുമാറിന്റെ ഹൃദയം മിടിച്ചു തുടങ്ങിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഇനിയുള്ള 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ ഹൃദയം എയർ ആംബുലൻസിലാണ് കൊച്ചിയിൽ എത്തിച്ചത്.

ADVERTISEMENT

ശസ്ത്രക്രിയ പൂര്‍ത്തിയായ ലീനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദയം ക്രമാതീതമായി വികസിക്കുന്ന രോഗം ബാധിച്ച ലീന ഏതാനും നാളുകളായി ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികില്‍സയിലായിരുന്നു. ഒറ്റ രാത്രിയിലെടുത്ത നിർണായക തീരുമാനമാണ് കോവിഡ് കാലത്ത് വലിയൊരു ജീവൻ രക്ഷാദൗത്യമായി മാറിയത്.മസ്തിഷ്ക രക്തസ്രവത്തെ തുടർന്ന് മരണമടഞ്ഞ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കാൻ തീരുമാനിച്ചത് ഇന്നലെ രാത്രിയായിരുന്നു.

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹെലികോപ്ടര്‍ വഴി ഹൃദയം എത്തിച്ചത്. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തിച്ച് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി.

തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടങ്ങൾ, പോലീസ്, ട്രാഫിക് എന്നിവയുടെ ഏകോപനത്തിലൂടെയാണ് വളരെ വേഗം ഹൃദയം കൊച്ചിയിലെത്തിക്കാനായത്. എറണാകുളം ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാടില്‍ ഇറങ്ങിയ ഹെലികോപ്ടറില്‍ നിന്നും മൂന്നു മിനിറ്റുകൊണ്ട് ആംബുലന്‍സില്‍ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ച് ലീനയില്‍ തുന്നിച്ചേര്‍ക്കുന്ന നടപടികള്‍ ആരംഭിക്കുകയായിരുന്നു.

എട്ടു മണിയോടെ ശസത്രക്രിയയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി ലീനയില്‍ ലാലിയുടെ ഹൃദയം മിടിച്ചു തുടങ്ങി. ഒമ്പതുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.ലീനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here