വടക്കാഞ്ചേരി: കേരളത്തിലേക്കു മടങ്ങി വരുന്ന പ്രവാസി സമൂഹത്തെ സംരക്ഷിക്കാൻ എസ്.വൈ.എസ് പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.എം ഇബ്രാഹിം ഹാജി. മുളങ്കുന്നത്ത് കാവ് എസ്.വൈ.എസ് സാന്ത്വനം മഹലിൻ്റെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്കിലെ കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കും സാന്ത്വനത്തിൻ്റെ ജില്ലയിലെ 9 ഡിവിഷൻ കമ്മറ്റികളുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുത്ത നിർധന കുടുംബങ്ങൾക്കുമുള്ള ഇഫ്താർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗൺ ദുരിതകാലത്ത് എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്. ഇവരെയെല്ലാം സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ ബാധ്യതയാണ്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എസ്.വൈ.എസ് മുന്നണിപ്പോരാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ നൂറിലധികം വരുന്ന സാന്ത്വന കേന്ദ്രങ്ങളുടെ ആസ്ഥാന കേന്ദ്രമായ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൻ്റെ സമീപമുള്ള സാന്ത്വനം മഹലിൽ വെച്ചു നടന്ന ചടങ്ങിൽ സാന്ത്വനം സെക്രട്ടറി പി.എം.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ചേലക്കര, അബ്ദുൾ വഹാബ്, കേരള പത്ര പ്രവർത്തക അസോസിയേഷൻ
സംസ്ഥാന കമ്മിറ്റി അംഗം മനോജ് കടമ്പാട്ട്, തലപ്പിള്ളി മേഖല പ്രസിഡൻ്റ് രാധാകൃഷ്ണൻ, അബ്ദുൽ അസീസ് നസാമി വരവൂർ, നൗഷാദ് പട്ടിക്കര, ബഷീർ അശ്റഫി ചേർപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ലോക് ഡൗൺ ദിനങ്ങളിൽ അയൽ ജില്ലകളിലേക്ക് നിത്യ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു കൊടുക്കൽ, ഗൾഫ് നാടുകളിലേക്ക് മരുന്ന് എത്തിക്കാനുള്ള സംവിധാനം, പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ, സൗജന്യ കുടി വെള്ള വിതരണം, ആംബുലൻസ് സർവ്വീസ്, ശുചീകരണ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള സഹായങ്ങൾ, നിർദ്ധന രോഗികൾക്ക് സൗജന്യ മരുന്നുകൾ എന്നീ പ്രവർത്തനങ്ങളും ജില്ലാ സാന്ത്വനം സേവനങ്ങളുടെ ഭാഗമായി നടന്നു വരുന്നുണ്ട്.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.