മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിനിടിച്ച് 15 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. റെയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.ചരക്ക് ട്രെയിനാണ് കയറിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
അതിവേഗം രോഗം പടരുന്ന മഹാരാഷ്ട്രയിൽ നിന്ന് തൊഴിലില്ലായതോടെ നിരവധി പേർ നാട്ടിലേക്ക് റോഡ് മാർഗവും അല്ലാതെയും നടന്നും മറ്റും പോകുന്നുണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി വൻ ദുരന്തത്തിന് ഇരയായത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ട്രെയിൻ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കിൽ കിടന്നുറങ്ങിയവരാണ് ഇവർ എന്നാണ് വിവരം ലഭിക്കുന്നത്. എന്നാൽ ചരക്ക് തീവണ്ടികൾ സർവീസ് നടത്തുന്ന വിവരം ഇവർക്ക് അറിയില്ലായിരുന്നുവെന്നും അധികൃതർ അനൗദ്യോഗികമായി വിവരം നൽകുന്നു. ഈ വിവരം തന്നെ പുറത്തറിയാൻ ഏറെ വൈകിയിരുന്നു. രക്ഷാ പ്രവർത്തനം ഇപ്പോൾ മാത്രമാണ് തുടങ്ങിയിരിക്കുന്നത്.
