ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണ സമിതി അംഗവും വൈദ്യുതി വിഭാഗത്തിലെ ഗ്രേഡ് ഒന്ന് ഫോര്‍മാനുമായ എന്‍ രാജുവിനെ അറ്റന്റര്‍ തസ്തികയിലേക്ക് ദേവസ്വം തരം താഴ്ത്തി . ചുമര് ചിത്ര വിഭാഗത്തിലെ അറ്റന്റര്‍ ആയി നിയമിച്ചാണ് ദേവസ്വം ഉത്തരവ് ഇറക്കിയിട്ടുള്ളത് . മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത രാജു ഭരണ സമിതി അംഗമായിരുന്ന സമയത്ത് സ്വയം നിര്‍മിച്ച തസ്തികയില്‍ അവരോധിതാനാകുകയായിരുന്നു . ഇതിനെതിരെ സഹപ്രവര്ത്തകന് ഭാവദാസ് ഹൈക്കോടതി സമീപിക്കുകയും , സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനെ ചുമതല പെടുത്തുകയും ചെയ്തു .
വിശദമായ അന്വേഷണം നടത്തിയ ഇന്‍സ്പെക്ടറേറ്റ് ,അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ വൈദ്യതി വിഭാഗത്തിലെ ഒരു ജോലിക്കും യോഗ്യനല്ല എന്ന് കാട്ടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനെ വൈദ്യുതി വിഭാഗത്തില്‍ നിന്നും മാറ്റാനും അയാളുടെ യോഗ്യത ക്ക് അനുസരിച്ചുള്ള ജോലിയിലേക്ക് മാറ്റി നിയമിക്കാനും 2019 നവംബര്‍ 20 ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു എന്നാല്‍ അന്നത്തെ ഭരണ സമിതിയും അഡ്മിനിസ്ട്രെറ്ററും ഇതില്‍ നടപടി എടുക്കാതെ മാറ്റി വെച്ചു .
ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്നിട്ടും ഈ ഫയലില്‍ നടപടി എടുക്കാന്‍ തയ്യാറായില്ല . ഇതിനിടയില്‍ ഹൈക്കോടതി വിധി വന്ന ഉടന്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്ന രാജു ഏപ്രില്‍ 15 നും , 16നും വൈദ്യുതി വിഭാഗത്തില്‍ വന്ന് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു ,ഇത് ശ്രദ്ധയില്‍ പെട്ട സഹപ്രവര്‍ത്തകര്‍ ദേവസ്വം കമ്മീഷണര്‍ക്കും, ഹൈക്കോടതി രജിസ്ട്രാറിനും പരാതി നല്കി. ഇതിനെ തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് മനസിലാക്കിയ ഭരണ സമിതി തിരക്കിട്ട് രാജുവിനെ അറ്റന്റര്‍ ആയി നിയമിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു .
