കൊച്ചി: ഇന്നലെ അബുദാബിയില്‍ നിന്നും ദുബായില്‍നിന്നും കേരളത്തിലെത്തിയ എട്ട് പേരെ ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 363 പേരാണ് അബുദാബിയില്‍നിന്നും ദുബായില്നിന്നുമായി ഇന്നലെ രാത്രി കൊച്ചിയിലും കോഴിക്കോടും എത്തിയത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ എത്തിയ അഞ്ചുപേരെയും കരിപ്പൂരില്‍ വിമാനമിറങ്ങിയ മൂന്നു പെരെയുമാണ് ഐസലേഷനിലേക്ക് മാറ്റിയത്. ബാക്കിയുളളവരെ ക്വാറന്റൈന് ചെയ്തു. ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിയണം.
ദുബായില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 182 യാത്രക്കാരാണ്.177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. അഞ്ച് കുട്ടികളും കൈക്കുഞ്ഞുങ്ങളാണ്. 19 ഗര്‍ഭിണികളുണ്ട്. ആറ് പേര് വീല്‍ചെയര്‍ ഉപയോഗിക്കുന്നവരാണ്. അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തില്‍ 181 പ്രവാസികളും ഉണ്ടായിരുന്നു.
ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്. ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കില്ല എന്ന സത്യവാങ്മൂലം ഇവരില്‍ നിന്ന് എഴുതിവാങ്ങുന്നുണ്ട്.
അബുദാബിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യം സംഘമാണ് ആദ്യം കൊച്ചിയിലെത്തിയത്. 10.10ഓടെയാണ് നാല് കൈക്കുഞ്ഞുങ്ങളേയും കുട്ടികളടക്കമുള്ള മറ്റ് 177 യാത്രക്കാരേയും വഹിച്ചുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. 49 ഗര്‍ഭിണികളും കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളുമാണ് കൊച്ചിയിലെത്തിയ യാത്രക്കാരെ തെര്‍മല്‍ സ്കാനിംഗിനും ശരീരോഷ്മാവ് പരിശോധിക്കുന്ന ഗണ്‍ സ്കാനിംഗിനും വിധേയരാക്കിയ ശേഷം . രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്.
മലപ്പുറം ജില്ലയില്‍ നി ന്നുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരെ ക്വാറന്റൈന് സെന്ററുകളിലേക്കാണ് മാറ്റുക. കോഴിക്കോട് ജില്ലക്കാരെ എന്‍ഐടി എംബിഎ സെന്ററിലേക്ക് മാറ്റും. ഇവിടെ 100 പേര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുപോകാനായി കെഎസ്ആര്‍ടിസി ബസ്സുകളും ടാക്സികളും വിമാനത്താവളത്തിന് പുറത്ത് സജ്ജമായിരുന്നു.
ഇന്ന് ബഹറിനില്‍നിന്നുള്ള വിമാനമാണ് എത്തുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വിമാനമെത്തുക. നാളെ കുവൈറ്റില്‍നിന്നും മസ്ക്കറ്റില്നിന്നുമുള്ള വിമാനങ്ങളിലും പ്രവാസി മലയാളികള്‍ നാട്ടിലെത്തും.
