മലപ്പുറം ∙ കേരളമെന്ന ആശ്വാസതീരത്തേയ്ക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങളടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ് . ഇതിൽ 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ്. എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ട്.

ADVERTISEMENT

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് – മലപ്പുറം – 48, പാലക്കാട് – 10, കോഴിക്കോട് – 23, വയനാട് – നാല്, ആലപ്പുഴ – മൂന്ന്, എറണാകുളം – അഞ്ച്, ഇടുക്കി – മൂന്ന്, കണ്ണൂര്‍ – 17, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – ഒമ്പത്, കോട്ടയം – ആറ്, പത്തനംതിട്ട – ഏഴ്, തിരുവനന്തപുരം – രണ്ട്. ഇതിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും സംഘത്തിലുൾപ്പെടുന്നു.
റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് കോവിഡ്–19 തെർമൽ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള കോവിഡ് പരിശോധനകൾ റിയാദ് യാത്രക്കാരിൽ നടത്തിയിട്ടില്ല. റിയാദിന് പുറമെ അൽ ഹസ്സ, ദവാദ്മി, അൽ ഖസീം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.

കോഴിക്കോട്ടേക്ക് ആണ് വിമാനമെങ്കിലും കേരളത്തിന്റെ തെക്കേ അറ്റത്തുള്ളവരും നാട്ടിലെത്താനുള്ള അവസരം ഉപയോഗപ്പെടുത്തി. നാട്ടിലെത്തിയാൽ ഗർഭിണികൾക്ക് വീട്ടിലേക്ക് പോകാമെന്ന് നിർദേശമുണ്ടെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കേണ്ടവർ എങ്ങനെ വീട്ടിലെത്തും എന്നു സംബന്ധച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കോട്ടയത്തുള്ള ചില യാത്രക്കാർ പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here