ഗുരുവായൂർ: വിദേശത്ത് കഴിയുന്ന മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഇവർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിന് 3000 ഓളം മുറികൾ ഗുരുവായൂരിലാണ് തയ്യാറാക്കിയിട്ടുളളത് . ചാവക്കാട് താലൂക്കിൽ മൊത്തത്തിൽ ഒരുക്കിയിട്ടുള്ളത് 3401 മുറികൾ. 139 കെട്ടിടങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഗുരുവായൂരിൽ മാത്രം 125 കെട്ടിടങ്ങളുണ്ട്. ബാക്കി കെട്ടിടങ്ങൾ തൃപ്രയാർ, തളിക്കുളം, വാടാനപ്പള്ളി മേഖലയിലാണ്. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസർ, ഒരു മെഡിക്കൽ ഓഫീസർ, വളണ്ടിയർമാർ, ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുളള മലയാളികൾ വരുന്ന ആഴ്ച മുതൽ എത്തുമെന്നാണ് ധാരണ. സംസ്ഥാനത്ത് 47,500 പേരാണ് ഇത് വരെ രജിസ്ട്രർ ചെയ്തിരിക്കുന്നത്. 15 ഫ്ലൈറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. ആദ്യആഴ്ച 3800 പേരാവും കേരളത്തിലെത്തുക. ഇതിൽ 500 പേർ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇവരിൽ പകുതിയിലധികം പേരും ചാവക്കാട് താലൂക്കിൽ നിന്നുള്ളവരായിരിക്കും.
