കോഴിക്കോട്: കേരളത്തിന് ഇത് ചരിത്ര നിമിഷം. കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേട്ടം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും ഗവര്‍ണര്‍ പി സദാശിവവും ശ്രീധന്യയെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ അഭിനന്ദനമറിയിച്ചത്. ശ്രീധന്യയുടെ കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവുമാണ് അവരുടെ സ്വപ്നം സഫലമാക്കാന്‍ സഹായിച്ചത്. ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ്. തെരഞ്ഞെടുത്തിരിക്കുന്ന കര്‍മ്മ മേഖലയില്‍ മികച്ച വിജയം നേടാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും രാഹുലിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here