ഗുരുവായൂര്‍ : വിദേശത്ത് നിന്ന് . കൊച്ചിയിൽ എത്തുന്ന ആദ്യ വിമാനത്തിൽ തൃശൂർ ജില്ലയിൽ നിന്നുളള 73 പേര്‍ക്ക് താമസ ഒരുക്കുന്നത് ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ അതിഥി മന്ദിരങ്ങളില്‍ .വ്യഴാഴ്ച രാത്രി 9.40 ന് വിമാനത്താവളത്തിൽ എത്തുന്ന ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷങ്ങൾ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ഗുരുവായൂർ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍
ഇവരെ ഗുരുവായൂരിലെത്തിക്കും.

ദേവസ്വംത്തിന്റെ മൂന്ന് മന്ദിരങ്ങള്‍ അടക്കം 125 കെട്ടിടങ്ങൾ ഇതിനായി ഗുരുവായൂരിൽ സജ്ജമാക്കിയിട്ടുണ്ട് . ഓരോ കെട്ടിടത്തിലും ചുമതലയ്ക്കായി ഒരു റവന്യൂ ഓഫീസർ, മെഡിക്കൽ ഓഫീസർ, വളണ്ടിയർമാർ, ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കൗണ്ടറുകൾ നാളെ മുതൽ പ്രവർത്തിക്കും. റവന്യൂ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ പ്രവാസികളെ ഗുരുവായൂരിൽ എത്തിക്കാനാണ് നിശ്ചിയിച്ചിട്ടുളളത്.

വിദേശമലയാളികളെ താമസിപ്പിക്കുന്ന കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 7 നും 13 നും ഇടയിൽ 3000 ഓളം പേർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 30% പേർ ജില്ലയിലുളളവരാണ്. പ്രവാസിമലയാളികളെ കപ്പലിലും മടക്കി എത്തിക്കുന്നുണ്ട്. ആദ്യ കപ്പൽ മെയ് 10 നാണ് കൊച്ചിയിൽ എത്തുക. ഈ കപ്പലിലുളള തൃശൂർ ജില്ലക്കാരെ തൃശൂർ താലൂക്കിലുളള കോവിഡ് കെയർ സെന്ററുകളിലാണ് താമസിപ്പിക്കുക. തിരിച്ചെത്താൻ താൽപര്യം പ്രകടിപ്പിച്ച 47500 പ്രവാസികൾക്കായി ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 354 കെട്ടിടങ്ങളിലായി 17122 കിടക്കകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഇക്കാര്യം ഉറപ്പുവരുത്തും. റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്. കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പറുകൾ: 9400063731, 9400063732, 9400063733, 9400063734, 9400063735.

LEAVE A REPLY

Please enter your comment!
Please enter your name here