വിശ്വാസികളുടെ എതിർപ്പുകൾ അവഗണിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ 5 കോടി.

ഗുരുവായൂര്‍ : വിശ്വാസികളുടെ എതിർപ്പുകൾ അവഗണിച്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറി. ദേവസ്വം നിയമ പ്രകാരമുള്ള ഭരണ സമിതി യോഗം ചേര്‍ന്നല്ല തീരുമാനം എടുത്തത് എന്നറിയുന്നു . ദേവസ്വം കമ്മീഷണറുടെ അനുവാദത്തോടെ നിയമപരമായാണ് പണം നൽകിയതെന്നും ദേവസ്വം ചെയർമാൻ അവകാശപ്പെട്ടു.

ഇതേ ദേവസ്വം കമ്മീഷണറുടെ അനുമതിയോടെ പ്രളയഫണ്ടിലേക്ക് അഞ്ച് കോടി രൂപ നൽകിയതിനെതിരെ ബഹു: ഹൈക്കോർട്ടിൽ wpc 20495/19 എന്ന നമ്പറിൽ ദേവസ്വത്തിനെതിരെ ഫയൽ ചെയ്ത കേസ്സിൽ വാദം കേള്‍ക്കാന്‍ മാറ്റി വെച്ചിരിക്കുമ്പോഴായാണ് വീണ്ടും നിയമവിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റുന്നത്.ചെയര്‍മാന്‍ പറയുന്നത് പോലെകമ്മീഷണറുടെ അനുമതിയോടെനിയമപരമായാണ് പണം നല്‍കിയതെങ്കില്‍ ഹൈക്കോടതി ഫയലില്‍ തന്നെ സ്വീകരിക്കാതെ ഹര്‍ജി തള്ളുമായിരുന്നെന്ന്‍ നിയമ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു .

കോവിഡ് ഭീതിയില്‍ ക്ഷേത്രം അടച്ചിട്ട ഈ സമയത്ത് വഴിപാട്‌ ആയോ ഭണ്ടാരം വരവായോ ലഭിക്കാത്ത സാഹചര്യത്തിലും ക്ഷേത്രത്തിലെ നിത്യ ചിലവുകൾ മുറപോലെ നടക്കുന്നു . തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഗുരുവായൂരില്‍ താമസ സൌകര്യം ഒരുക്കുന്നതോടെ ക്ഷേത്രം തുറക്കാന്‍ മാസങ്ങള്‍ കഴിയേണ്ടിവരും . ക്ഷേത്രം തുറന്നാലും ഭീതി കൂടാതെ പഴയ രീതിയില്‍ ഭക്തര്‍ എത്തണമെങ്കില്‍ പിന്നെയും മാസങ്ങള്‍ എടുക്കും, അത് വരെ ക്ഷേത്രത്തിലെ ചിലവുകളും, ദേവസ്വത്തിലെ ആനകള്‍ക്കും, വേങ്ങാട്ടെ ഗോകുലത്തിലെ പശുക്കള്‍ക്കും തീറ്റയും വൈദ്യുതി, കുടിവെള്ള ചാര്‍ജ്, സബ്‌സ്റ്റേഷനില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ എന്നിവയുടെ ചിലവും, ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളമടക്കം വരുന്ന കോടികള്‍ ക്ഷേത്രത്തിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് ചിലവഴിക്കണം.

ഭഗവാൻ നിയമപരമായി മൈനർ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആർക്കും അവകാശമില്ല. എല്ലാ ക്ഷേത്രസ്വത്തിൻ്റേയും അവകാശം, മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്. ഗുരുവായൂർ ദേവസ്വം ആക്ട് സെക്ഷൻ 27, ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. ദേവസ്വം ഫണ്ടിൽ നിന്ന് ഒരു പൈസ പോലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫണ്ടിലേക്കോ,
ക്ഷേത്രകാര്യങ്ങൾക്കല്ലാത്ത കാര്യങ്ങൾക്കോ ചിലവിടാൻ കഴിയില്ല. നിയമം ഇങ്ങിനെ ഉള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രഫണ്ടിൽ നിന്ന്അഞ്ച് കോടി രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ ഗുരുവായൂർ ദേവസ്വം നടപടി തോന്നിവാസവും അപലപനീയവുമാണെന്ന് ഭക്തർ പറയുന്നു.

ദേവസ്വം അടുത്തിടെ ഏര്‍പ്പെട്ത്തിയ ഓണ്‍ ലൈന്‍ വഴിപാടിനു ഭക്തര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. വീട്ടിലിരുന്ന് ഭഗവാനെ പ്രാര്‍ത്ഥിച്ചു പണം നെറ്റ് ട്രാന്‍സ്ഫര്‍ നടത്താന്‍ ഭക്തര്‍ താല്‍പര്യം കാണുന്നില്ല. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്ക അര്‍പ്പിക്കുന്ന്തിനാണ് ഭൂരിഭാഗം ഭക്തരും ഇഷ്ടപ്പെടുന്നത്. അത് കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് ഉണ്ടെങ്കിലെ ഭണ്ടാരത്തിലും വഴിപാട് ഇനത്തിലും പണം എത്തുകയുള്ളൂ, അതിന് നിരവധി മാസങ്ങള്‍ തന്നെ കഴിയേണ്ടിവരുന്ന സാഹചര്യം ഉള്ളപ്പോഴാണ് ഭഗവാന്‍റെ ആസ്തി സംരക്ഷിക്കേണ്ട ഭരണാധികാരികള്‍ വക മാറ്റി ചിലവഴിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഭക്തര്‍.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here