പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്ക്

ദുബായ്: കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങുകയാണ്. പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യത്തെ വിമാനം പറന്നിറങ്ങുക. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കരിപ്പൂരിലേക്കും എത്തും എന്നാണ് സൂചന. വ്യാഴാഴ്ചയാണ് വിമാനങ്ങളെത്തുക.എന്നും അറിയുന്നു.ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും ധാരണയായിട്ടുണ്ട്.

രണ്ട് ലക്ഷത്തോളം പേര്‍ക്കുളള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ യാത്ര കേരളത്തിലേക്ക് തന്നെ ആക്കിയതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായ പവന്‍ കപൂര്‍ വ്യക്തമാക്കി.വിമാന ടിക്കറ്റിന് 13,000 രൂപയാണ് ഈടാക്കുക എന്നാണ് സൂചനകള്‍. നിലവില്‍ 1,92,500 പ്രവാസികളുടെ പട്ടികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ ആണ് മുന്‍ഗണനാ ക്രമത്തില്‍ തിരികെ എത്തിക്കുക.

അതിന് ശേഷം അമേരിക്കയും ഇംഗ്ലണ്ടും അടക്കമുളള മറ്റ് രാജ്യങ്ങലിലേക്കും പ്രത്യേക വിമാനങ്ങളയക്കും.പ്രവാസികളെ തിരികെ എത്തിക്കാനുളള നടപടികള്‍ നാവിക സേന തുടങ്ങിക്കഴിഞ്ഞു. രണ്ട് നാവികസേന കപ്പലുകളാണ് ദുബായിലേക്കും മാലി ദ്വീപിലേക്കും പ്രവാസികള്‍ക്ക് വേണ്ടി പുറപ്പെട്ടിരിക്കുന്നത്. മാലിദ്വീപിലേക്ക് രണ്ട് കപ്പലുകളാണ് അയച്ചിരിക്കുന്നത്. 750 പേരെയാണ് മാലി ദ്വീപില്‍ നിന്ന് തിരിച്ച് എത്തിക്കുക. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കപ്പലായ ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ദുബായിലേക്ക് ഐഎന്‍എസ് ഷര്‍ദുല്‍ എന്ന കപ്പലാണ് പോയിരിക്കുന്നത്. മാലിദ്വീപിലും ദുബായിലും രണ്ട് ദിവസത്തിനകം കപ്പലുകളെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നാവിക സേനയുടെ കപ്പലുകള്‍ ഈ ദൗത്യമേറ്റെടുത്തിരിക്കുന്നത്. പ്രവാസികളെ കപ്പലിൽ കൊച്ചിയിലാണെത്തിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button