തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാസികളെ തിരികെ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സജ്ജമായി തുടങ്ങിയിട്ടുണ്ട്.

തിരികെവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങള്‍ കേന്ദ്രകരിച്ചും പരിശോധന സംവിധാനം ഒരുക്കും. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്‍റൈന്‍ സംവിധാനത്തിലേക്ക് മാറ്റും. രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് സെന്‍ററുകളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. വഴിയില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയോ സന്ദര്‍ശിക്കരുത്. വീട്ടിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുമ്പോള്‍ ആരോഗ്യവിവരങ്ങള്‍ ദിവസവും ആരോഗ്യപ്രവര്‍ത്തകരെ ഫോണ്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ അറിയിക്കണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുത്. വിട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളു. ഇരുവരും മാസ്ക് ധരിക്കണം. രോഗ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റുന്നവരുടെ ലഗേജ് നീരീക്ഷണ സെന്‍ററുകളില്‍ സൂക്ഷിക്കും.

ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്‍റൈന്‍ ചെയ്യാന്‍ സൌകര്യം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. തിരികെവരുന്ന പ്രവാസികളുടെ കാര്യങ്ങള്‍ അടക്കം നിരീക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button