ചാവക്കാട്: കഴിഞ്ഞ ദിവസം അബുദാബിയിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനും തിരുവത്ര വെൽഫെയർ അസോസിയേഷൻ ജി സി സി കൺവീനറും അബുദാബി തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായ അബ്ദുൽ കരീം ഹാജിയെ അനുസ്മരിക്കാൻ
തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച “നമ്മുടെ കരീം ഹാജിക്ക് വേണ്ടി ഒരു പകൽ” എന്ന അനുസ്മരണ യോഗം നീണ്ട എട്ട് മണിക്കൂർ കഴിഞ്ഞിട്ടും അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു
ഈ കൊറോണ മഹാമാരിയുടെ കാലത്ത് മനുഷ്യർ അടച്ചിട്ട അകത്തളങ്ങളിലേക്ക് ഒതുക്കപ്പെട്ടപ്പോൾ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ മീറ്റിങ് സംഘടിപ്പിച്ചത്. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സംഘടിപ്പിച്ച അനുസ്മരണയോഗം സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
പൂർണ്ണമായ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന പരിപാടി അസോസിയേഷൻ അഡ്വൈസർ കരീം ബാഖവിയുടെ പ്രാർത്ഥന യോടെയാണ് തുടക്കമായത്.
അസോസിയേഷൻ ജനറൽ സെക്രട്ടറി മനയത്ത് മുഹമ്മദ് യൂസുഫ് സ്വാഗതം പറഞ്ഞ അനുസ്മരണത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടി എ ഹംസ ഹാജി അധ്യക്ഷനായിരുന്നു. മർഹൂം അബ്ദുൾകരീം ഹാജിയുടെ വേർപാടിന്റെ ദുഃഖം പങ്ക് വെക്കാനും സ്മരണകൾ അയവിറക്കാനും അദ്ദേഹത്തിന്റെ പൊതു ജീവിതത്തിൽ അദ്ദേഹത്തെ അനുധാവനം ചെയ്തവർ ഒത്തു കൂടിയപ്പോൾ അത് വേറിട്ട ഒരു അനുഭവമാണ് കേൾവിക്കാർക്കു സമ്മാനിച്ചത്. പ്രത്യേകിച്ചു നിലവിലെ ദുഷ്കരമായ സാഹചര്യങ്ങൾ നിലനിൽക്കെ ഒരുസാധാരണ അനുസ്മരണ യോഗത്തെക്കാൾ ആളും അർത്ഥവും ഉണ്ടാക്കിയെടുക്കാനും സാധിച്ചു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. കച്ചവട പങ്കാളികൾ, തൊഴിലാളികൾ, സഹപ്രവർത്തകർ, നാട്ടുകാർ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തെ പടിപ്പുകഴ്ത്തുകയായിരുന്നു.
തൃശ്ശൂർ പാർലിമെന്റ് മെമ്പർ ബഹു :ടി. എൻ പ്രതാപൻ, ഗുരുവായൂർ എം എൽ എ കെ വി. അബ്ദുൽ ഖാദർ, അസോസിയേഷൻ കോർഡിനേഷൻ ചെയർമാൻ ഇ പി മൂസഹാജി, ഇ പി സുലൈമാൻ ഹാജി ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ, അസോസിയേഷൻ ദുബായ് പ്രസിഡന്റ് നജ്മുദ്ദീൻ തുടങ്ങിയ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.കൂടാതെ
തിരുവത്രയിലെ അദ്ദേഹത്തിന്റെ ഇഷ്ട്ട പണ്ഡിതന്മാരായ നാസിർ ഫൈസി അനുസ്മരണത്തിൽ പങ്കാളി ആയപ്പോൾ ഉസ്മാൻ സഖാഫി സമാപന പ്രാർത്ഥന നിർവ്വഹിച്ചു. അസോസിയേഷൻ സൗദി പ്രധിനിധി മുസ്തഫ ബിയൂസ് നന്ദി പറഞ്ഞ യോഗം വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിച്ചു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.