ദില്ലി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

ADVERTISEMENT

മെയ് ഏഴ് മുതലാവും പ്രവാസികളെ മടക്കി കൊണ്ടു വരിക. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും നടപടികള്‍. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക. വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here