തൃശൂർ∙ ജനം തിങ്ങിനിറയുമായിരുന്ന തേക്കിൻകാട് മൈതാനിയിലേക്ക് ഇന്നലെ ആരെയും കടത്തി വിട്ടില്ല. ചരിത്രത്തിലാദ്യമായി വടക്കുന്നാഥനു മുന്നിൽ ചടങ്ങുകളൊന്നുമില്ലാതെ പൂരം അവസാനിച്ചു. ആയിരക്കണക്കിനു പൂര പ്രേമികൾക്ക് ഇന്നലെ വേദനയുടെ ദിവസമായിരുന്നു. പകൽപ്പൂരവും ഉപചാരം ചൊല്ലി പിരിയലും ഇല്ലാതെ ആദ്യമായി തൃശൂർ പൂരം കൊടിയിറങ്ങി. പകൽപ്പൂരം നടക്കുമായിരുന്ന ഇന്നലെ രാവിലെ ഇരു ക്ഷേത്രങ്ങളിലും ദിവസപൂജയല്ലാതെ ചടങ്ങുകളൊന്നുമുണ്ടായില്ല. പൂജയ്ക്കു ശേഷം രാവിലെ 8നു തന്നെ നട അടച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു പൂരം ചടങ്ങു മാത്രമായി നടത്തിയത്. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 23നാണ്. 17നു കൊടിയേറ്റവും.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ ആറാട്ടിനു ശേഷം നടന്ന ദീപാരാധനയ്ക്കു ശേഷമാണു ദേശക്കാർ കൊടിയിറക്കിയത്. ചടങ്ങിനായി 5പേർ വീതമാണു ക്ഷേത്രത്തിനകത്തുണ്ടായിരുന്നത്. പകൽപ്പൂരത്തിനായി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനു മുന്നിലെത്തുന്നതോടെയാണു പൂരത്തിന്റെ അവസാന ദിവസ ചടങ്ങുകൾ തുടങ്ങുക. ഇരു ഭഗവതിമാരുടെയും മേളത്തിനു ശേഷം വടക്കുന്നാഥനെ തൊഴുതുവരും. തുടർന്നു മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിയും. അടുത്ത വർ‌ഷത്തെ പൂരത്തിന്റെ തീയതിയും അതോടെ പ്രഖ്യാപിക്കും.

അടുത്ത വർഷം കാണാമെന്ന പ്രഖ്യാപനമാണ് ഉപചാരം ചൊല്ലൽ. ഇത്തവണ 8 ഘടക പൂരങ്ങളുടെ ക്ഷേത്രങ്ങളിലും കൊടിയേറ്റമടക്കം ഒരു പൂര ചടങ്ങും നടത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരു ക്ഷേത്രങ്ങളിലും ചടങ്ങുകളുണ്ടായില്ല. വൈകിട്ടു 4 മണിയോടെ തിരുവമ്പാടി ഭഗവതിയെ നടുവിൽ മഠത്തിലേക്ക് എഴുന്നള്ളിച്ചു ആറാട്ടു നടത്തി. തുടർന്നു സന്ധ്യയോടെ തിരിച്ചെഴുന്നള്ളി. പാറമേക്കാവ് ഭഗവതിയുടെ ആറാട്ട് ക്ഷേത്രക്കുളത്തിൽ തന്നെയായിരുന്നു. ആറാട്ടിനു ശേഷം ഇരു ക്ഷേത്രങ്ങളിലും ദീപാരാധന നടത്തി കൊടിയിറക്കി. ഇരു ക്ഷേത്രങ്ങളിലും ഭക്തർക്കു പ്രവേശനമില്ല. ദിവസപൂജകൾ തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here