പ്രവാസികൾ വിമാന ടിക്കറ്റ് തുക നൽകണം, സൗജന്യ യാത്ര ഇല്ല ; കേരളത്തിൻ്റെ നിർദേശം തള്ളി കേന്ദ്ര സർക്കാർ

ഡല്‍ഹി: കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ വിമാന ടിക്കറ്റിൻ്റെ തുക നൽകണമെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് തുക സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിച്ചേക്കുമെന്നും റിപ്പോർട്ട്. നേരത്തെ ചില വിഭാഗങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരളം ആവശ്യപെട്ടിരുന്നെങ്കിലും ആർക്കും സൗജന്യമായി യാത്ര സൗകര്യം ഒരുക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് അനുസരിച്ചു എംബസികളിൽ മുൻഗണനാക്രമത്തിൽ പട്ടിക തയ്യാറാക്കും. പട്ടികയുടെ അടിസ്ഥാനത്തിൽ അതാതു സംസ്ഥാനങ്ങളുമായി സഹകരിച്ചു കേന്ദ്രം സർക്കാർ അനുമതിയോടെയാവും വിമാനയാത്ര. മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ സജ്ജീകരണങ്ങൾ ഒരുക്കി കേന്ദ്രത്തെ അറിയിച്ചാൽ മാത്രമേ യാത്രയ്ക്ക് അനുമതി നൽകൂ. ഇത് സംബന്ധിച്ച നടപടികളിൽ ഈയാഴ്ച്ച തീരുമാനമുണ്ടാകുമെന്നും കരുതുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പേരാണ് കേരളത്തിലേക്ക് വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗർഭിണികളും കുട്ടികളും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പടെ 4.13 ലക്ഷത്തിലധികം പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർക്കെങ്കിലും സൗജന്യ യാത്ര ഏർപ്പെടുത്തുന്നതിന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു രാജ്യവും സൗജന്യ യാത്ര നൽകുന്നില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികൾ പോലും ടിക്കറ്റ് തുക നൽകിയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് എന്നും ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര നടപടി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here