തൃശ്ശൂർ: ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകൾ മാത്രമായി തൃശ്ശൂർ പൂരം ഇന്ന് നടക്കും. ഒമ്പതുമണിയോടെ താന്ത്രിക ചടങ്ങുകൾ പൂർത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ അടയ്ക്കും. പൂരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ പൂരം ഉപേക്ഷിക്കേണ്ടി വരുന്നത്. പൂരം നടക്കാത്ത ഒരു കാലത്തേക്കുറിച്ച് കേട്ടുകേഴ്വിയില്ലാതിരുന്ന ഒരു നാടിന് മുന്നിലാണ് കൊറോണ മഹാമാരിയും അതേതുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളും വന്നുചേർന്നിരിക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ കൊല്ലം ആളും ആർപ്പുവിളികളുമായി നിറഞ്ഞുനിന്ന വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇന്ന് നിശബ്ദമാണ്. ഒരുപൂരം മുതൽ അടുത്ത പൂരം വരെയെന്ന തൃശ്ശൂർകാരുടെ കാലഗണനയെയാണ് ഈ നിയന്ത്രണങ്ങൾ താളം തെറ്റിച്ചിരിക്കുന്നത്. എങ്കിലും ആളുകൾ ഈ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

തിരുവമ്പാടി, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടെ 10 ക്ഷേത്രങ്ങളാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. പുലർച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാൻ എത്തുന്നതോടു കൂടി ആരംഭിക്കുന്ന പൂരം അടുത്ത ദിവസം ഉച്ചയോടുകൂടിയാണ് അവസാനിക്കുക. ഇത്തവണ ഒരു ആനയെ മാത്രം വെച്ച് പൂരം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ നിരസിക്കുകയായിരുന്നു.

പൂരവുമായി ബന്ധപ്പെട്ട് വലിയ താന്ത്രിക ചടങ്ങുകൾ അധികമില്ല. പൂരം കൊടിയേറിയതിന് ശേഷം മറ്റ് ദിവസങ്ങളിലെല്ലാം ആറാട്ട് നടക്കും. ഇതല്ലാതെ പ്രധാനപ്പെട്ട മറ്റ് ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുന്നില്ല. ഇക്കാരണത്താലാണ് ഇന്ന് ഒമ്പതുമണിയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്. മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങി തൃശ്ശൂർ പൂരത്തിന്റെ അടയാളങ്ങൾ ഒന്നുംതന്നെ ഇത്തവണയില്ല. ചരിത്രത്തിലെ അപൂർവതയായി ഇത് രേഖപ്പെടുത്തും.

COMMENT ON NEWS

Please enter your comment!
Please enter your name here