മലപ്പുറം : ‘ഫ്രീ ഫയർ’ എന്ന ഗെയിമിങ് ആപ്ലിക്കേഷൻ വഴി അധ്യാപികയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ഹൈസ്കൂൾ വിദ്യാർഥിയായ മകൻ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ദിവസവും ഗെയിം കളിച്ചിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഇ-വാലറ്റ് ആയ പേ-ടിഎം വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിനുള്ള ഫീസ് ഇനത്തിൽ 50 രൂപ മുതൽ 5,000 രൂപ വരെ വിദ്യാർഥി ദിവസവും അടച്ചു കൊണ്ടിരുന്നു. എട്ടുമാസം കൊണ്ടാണ് ഒരു ലക്ഷത്തോളം രൂപ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ നഷ്ടപ്പെട്ടത്. അധ്യാപിക ബാങ്കിൽനിന്ന് പണം പിൻവലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് അരീക്കോട് പോലീസ്സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വഴി കണ്ടെത്തിയത്.
പല തരത്തിലുള്ള ഓഫറുകൾ എന്ന പേരിൽ വാട്സ് ആപ് സന്ദേശങ്ങൾക്ക് ഒപ്പം നൽകിയിരിക്കുന്ന ലിങ്ക് കണ്ടാൽ ഒറ്റനോട്ടത്തിൽ ഫ്ലിപ്കാർട്ടിന്റേതു തന്നെയെന്ന് തോന്നാമെന്നും ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള മറ്റൊരു പേജിലാക്കായിരിക്കുമെന്ന് പോലീസ് പറഞ്ഞു. വ്യക്തിഗതവിവരങ്ങൾ നൽകി മുന്നോട്ട് പോയാൽ ബാങ്ക് വിവരങ്ങൾ നൽകേണ്ടി വരും. ഇതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്നും പോലീസ് പറഞ്ഞു.
