ലോക്ഡൗണ്‍ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ ജില്ലകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോണുകള്‍ സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇതേസമയം, മെയ് 15 വരെ പൊതുഗതാഗതം ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമായിരിക്കും ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുക. മൂന്നാം തീയതി ലോക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച് വ്യക്തത വരും. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇളവുണ്ടാകില്ല. വരും ദിവസങ്ങളില്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോണുകൾ മാറും. പൂര്‍ണമായും ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഉടനാകില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാന പ്രകാരം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുക. കേന്ദ്രത്തെ മറികടന്ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല. നേരത്തെ ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയിലും കോട്ടയത്തും അപ്രതീക്ഷിതമായാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ ഗ്രീന്‍ സോണ്‍ ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here