യുഎഇയിൽ അന്തരിച്ച പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ(54) മൃതദേഹം ഇന്ന് രാത്രി കേരളത്തിലെത്തും. പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ കോഴിക്കോട് എത്തുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറക്കൽ പാലസിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയ് ദുബായിൽ അന്തരിച്ചത്. ദുബായ് അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമാണ്. ഭാര്യ സെലിൻ ജോയ് മക്കളായ അരുൺ ജോയ് ആഷിൻ ജോയ് എന്നിവരും എത്തും.
ജോയി അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേരളത്തിൽ നിന്നുള്ള എംപിമാരും ദുബായിലെ സാമൂഹ്യപ്രവർത്തകരും കേന്ദ്രസർക്കാറിൽ വലിയ സമ്മർദ്ദമാണ് ചെലുത്തിയത്, തുടർന്ന് മൃതദേഹം കൊണ്ടുവരുന്നതിന് പ്രത്യേക ചാർട്ടേഡ് വിമാനത്തിന് കേന്ദ്രം അനുമതി നൽകി. കേന്ദ്ര ആഭ്യന്തര-ആരോഗ്യ വ്യോമയാന മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചാർട്ടേഡ് വിമാനം എത്തുന്നത്. വീട്ടുകാരുടേയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്തിമോപചാരത്തിനു ശേഷമാണ് സോനാപൂരിലെ എംബാമിങ് സെൻററിൽനിന്ന് മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.
