കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ വേണ്ടി വരും. മാസ്ക് ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട്സ്പോട്ടുകള്‍ കൂടി തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും ഹോട്ട്സ്പോട്ടുകളായി. മലപ്പുറത്തെ കാലടി, പാലക്കാട്ടെ ആലത്തൂര്‍ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളായിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നുകൂടി പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നോടു കൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടിവരുമെന്നാണ് കരുതുന്നതെന്നും എല്ലാ മേഖലകളും വിശദമായി വിലയിരുത്തി തയ്യാറെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് ശീലമാക്കണെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രികള്‍ രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളാണ്. അത് കൊണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും ഇതില്‍ അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here