ഗുരുവായൂർ: തൈക്കാട് മേഖലയിൽ കുടിവെള്ളം കിട്ടുന്നത് അഞ്ചു ദിവസത്തിലൊരിക്കൽ. പേരകത്തും മാമബസാറിലും രണ്ടും മൂന്നും ദിവസങ്ങളിടവിട്ട്. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷാംഗങ്ങൾ കുടിവെള്ളക്ഷാമത്തിന്റെ പ്രതിഷേധം ‘ഒഴുക്കിവിട്ടത്’. കോവിഡ് കാലത്ത് ദിവസവും നൂറുകണക്കിനാളുകൾക്ക് ഭക്ഷണം എത്തിക്കുന്നതടക്കം നഗരസഭ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചെയർപേഴ്‌സൺ എം.രതി ആമുഖമായി പറഞ്ഞുതുടങ്ങിയപ്പോഴാണ്, പൊതിച്ചോർ മാത്രം പോരാ കുടിക്കാൻ ഇത്തിരി വെള്ളവും നൽകണമെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞത്. അഞ്ചു ദിവസം കൂടുമ്പോൾ തൈക്കാട് പ്രദേശവാസികൾക്ക് 500 ലിറ്റർ കുടിവെള്ളമാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷത്തെ ജോയ് ചെറിയാൻ പറഞ്ഞു.

നഗരസഭയ്ക്ക് കുടിവെള്ളം കിട്ടാത്തതിന്റെ പ്രശ്‌നമില്ല, അതിന്റെ ക്രമീകരണത്തിലാണ് പിശകെന്ന് പ്രതിപക്ഷാംഗമായ ആന്റോ തോമസും കുറ്റപ്പെടുത്തി. കുടിവെള്ളം കൈകാര്യം ചെയ്യുന്നതിൽ നഗരസഭ ഇപ്പോഴും നേരെയാകുന്നില്ലെന്നു പറഞ്ഞ് ലീഗ് കൗൺസിലർ റഷീദ് കുന്നിക്കൽ യോഗത്തിൽനിന്നിറങ്ങിപ്പോയി. ഷൈലജ ദേവൻ, എ.ടി.ഹംസ, ബാബു ആളൂർ, പി.എസ്.രാജൻ തുടങ്ങിയ പ്രതിപക്ഷനിരക്കാരെല്ലാം കുടിവെള്ളവിഷയം തന്നെ ആഞ്ഞുപിടിച്ചു. ഭരണപക്ഷാംഗങ്ങളായ ടി.ടി.ശിവദാസൻ, ടി.എസ്.ഷെനിൽ, കെ.വി.വിവിധ്, കെ.പി.വിനോദ് തുടങ്ങിയവർ ചേർന്ന് പ്രതിപക്ഷത്തിന്റെ ‘കുടിവെള്ള ഒഴുക്കി’നെതിരെ ശക്തമായ പ്രതിരോധം തീർത്തു. ദിവസവും നാല് ടാങ്കർലോറികളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ചെയർപേഴ്‌സൺ എം.രതി വ്യക്തമാക്കി.

നഗരസഭയ്ക്ക് ഒരു ദിവസം ഒന്നരലക്ഷം ലിറ്റർ കുടിവെള്ളം ആവശ്യമുണ്ട്. ഇപ്പോൾ മൂന്നിടത്ത് ക്യാമ്പുകൾ ആരംഭിച്ചപ്പോൾ അവിടേക്കും വലിയ അളവിൽ വെള്ളം വേണ്ടിവരുന്നു. അതുകൊണ്ടുള്ള ക്ഷാമം നേരിടുന്നുണ്ട്. പക്ഷേ, അതെല്ലാം പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ലോക്ഡൗൺ കാരണം വിവാഹങ്ങളെല്ലാം മുടങ്ങിയ സാഹചര്യത്തിൽ നഗരസഭയുടെ ടൗൺഹാൾ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് ടി.കെ.വിനോദ് കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പരിഗണിക്കുമെന്ന് വൈസ് ചെയർമാൻ അഭിലാഷ് വി.ചന്ദ്രൻ അറിയിച്ചു. ‘വിശപ്പുരഹിത ഗുരുവായൂർ പദ്ധതി’ക്ക്‌ പടിഞ്ഞാറെ നടയിലെ ടൗൺഷിപ്പ് റസ്റ്റ് ഹൗസിൽ സൗകര്യം ഒരുക്കാൻ ധാരണയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭ 15 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here