കൊച്ചി: കോവിഡ് കാലത്ത് സംസ്ഥാനത്ത് പ്രവാസി രാഷ്ട്രീയം പൊള്ളുന്ന വിഷയമാവും. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ, പ്രവാസികളെ തിരിച്ചെത്തിക്കൽ രാഷ്ട്രീയമായി ഏറ്റെടുക്കാൻ യു.ഡി.എഫ്. രംഗത്തിറങ്ങി. ഒരേ സമയം കേന്ദ്രത്തിനും കേരളത്തിനുമെതിരേയുള്ള ഇരുതല മൂർച്ചയുള്ള വാളായി മാറുകയാണ് പ്രവാസി വിഷയം. കൊച്ചി വിമാനത്താവളത്തിനു മുന്നിൽ എം.എൽ.എ.മാരുടെ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചുകൊണ്ട് യു.ഡി.എഫ്. അത് ഉയർത്തിക്കൊണ്ടുവരികയാണ്. നേരത്തെ യു.ഡി.എഫ്. എം.പി.മാരും പ്രധാനമന്ത്രിയോട് പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. അത് ഫലം കണ്ടുവെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വം.

പ്രവാസികളെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലംഭാവം കാട്ടുന്നുവെന്നാണ് യു.ഡി.എഫിന്റെ കുറ്റപ്പെടുത്തൽ. ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഇന്ത്യക്കാരാണെന്നിരിക്കെ, കോവിഡ് കാലത്ത് അവരുടെ വിഷയം വേണ്ടവിധത്തിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. പ്രത്യേക വിമാനം കൊണ്ടുവന്ന് ബ്രിട്ടനും നെതർലൻഡ്‌സും ജർമനിയുമെല്ലാം തങ്ങളുടെ പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നത് കേന്ദ്രസർക്കാർ കാണുന്നുണ്ട്്. കേരളത്തിൽനിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും വേണ്ട ഗൗരവം കാട്ടുന്നില്ലെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. പ്രവാസികളെ കൊണ്ടുവരാൻ വിപുലമായ ഒരുക്കങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ വളരെ വേഗത്തിൽ കാര്യങ്ങൾ നീക്കണമെന്നാണ് യു.ഡി.എഫ്. ആവശ്യം.

ഗൾഫ് നാടുകളിൽ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസികൾ ശക്തമായി ഇടപെടണം. എംബസികളിലെ ഇന്ത്യൻ സാമൂഹ്യ ക്ഷേമനിധിയിൽ നിന്ന് പാവപ്പെട്ട തൊഴിലാളികൾക്ക് സഹായം എത്തിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വിദേശങ്ങളിൽ വിസ പുതുക്കുമ്പോൾ പ്രവാസി അടയ്ക്കുന്ന പണം സമാഹരിച്ചുള്ള ക്ഷേമനിധിയിൽ വലിയ തുകയുണ്ടെന്നും അത് ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും യു.ഡി.എഫ്. നേതാക്കന്മാർ പറയുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ ’മാതൃഭൂമി’ യോട് പറഞ്ഞു. എല്ലാ രാജ്യങ്ങളും ചാർട്ടേഡ് വിമാനങ്ങളിൽ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കുമ്പോൾ ഇന്ത്യാ ഗവൺമെന്റ് കാഴ്ചക്കാരായി നിൽക്കുകയാണ്. പൗരന്മാരെ തിരിച്ചുകൊണ്ടുപോയില്ലെങ്കിൽ തൊഴിൽ കരാറിൽ പുനർ ചിന്തയുണ്ടാവുമെന്ന് യു.എ.ഇ. ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. ഇനിയും ഇങ്ങനെ തുടരാൻ സാധിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കുമ്പോൾ ഇവിടെ സംവിധാനം ഒരുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. വരുന്നവരെ നേരെ വീട്ടിലേക്ക് വിടാൻ സാധിക്കില്ല. രോഗമില്ലെന്ന് ഉറപ്പുവരുന്നതുവരെയുള്ള ഏകാന്തവാസത്തിന് സംസ്ഥാന സർക്കാർ സംവിധാനം ഒരുക്കണം. പ്രവാസികൾക്കായി കേന്ദ്രവും കേരളവും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് യു.ഡി.എഫ്. ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here