തൃശൂർ: ലോക്ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ തയാറെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഇവരുടെ എണ്ണം കണക്കാക്കുന്നതിനുള്ള വിവരശേഖരണം ഇന്നലെ തുടങ്ങി. ഇവരെ താമസിപ്പിക്കുന്നതിനുള്ള കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നതിനുളള പ്രവർത്തനവും അവസാനഘട്ടത്തിലാണ്.

ഗുരുവായൂർ, തൃശൂർ, മുരിങ്ങൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി 4000 നിരീക്ഷണ മുറികൾ ഒരുക്കുന്നതിനുള്ള തയാറെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ്. ജില്ലയിലെ പ്രവാസികളുടെ സമഗ്രമായ വിവരശേഖരണം വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുളള റാപിഡ് റെസ്‌പോൺസ് ടീമുകളുടെ നേതൃത്വത്തിലാണു നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയിട്ടുള്ളവരുടെ കൃത്യമായ കണക്കു ശേഖരിക്കും. ഇതിൽ ലോക്ഡൗണിനു ശേഷം തിരിച്ചെത്തുന്നവരുടെ കണക്കെടുപ്പ് പ്രത്യേകം നടത്തും. തിരിച്ചെത്തുന്ന പ്രവാസികൾക്കു സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനു സൗകര്യമുണ്ടോ എന്നും പരിശോധിക്കും. കണക്കെടുപ്പുകൾ നാളെ പൂർത്തിയാക്കി ജില്ലാതലത്തിൽ ക്രോഡീകരിക്കും.

ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും അതിർത്തിക്കുള്ളിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം ഇപ്രകാരം തിട്ടപ്പെടുത്തും. വാർഡ് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മേഖലാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും ക്രോഡീകരിക്കും. നഗരസഭകളിലെയും കോർപറേഷനിലേയും വിവരശേഖരണത്തിന് ജില്ലാ വകുപ്പധ്യക്ഷർക്കു ചുമതല നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് കലക്ടർ എസ്.ഷാനവാസ് അറിയിച്ചു.

∙ മടങ്ങിയെത്തുന്നവർക്കു വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന
∙ വിമാനത്താവളത്തിലെ ആരോഗ്യപരിശോധനയിൽ കോവിഡ് സംശയം തോന്നുന്നവരെ നേരിട്ട് ആശുപത്രിയിലേക്കു മാറ്റും.

∙ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ, ശുചിമുറി സൗകര്യത്തോടു കൂടിയ കിടപ്പുമുറി വീട്ടിലുള്ളവരെ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കും.

∙ സ്വന്തം വീടുകളിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള കോവിഡ് കെയർ സെന്ററുകളിൽ പാർപ്പിക്കും.

∙ അസുഖ ബാധിതർ, ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുള്ള വീടുകളിൽ താമസിപ്പിക്കില്ല.

∙ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കെയർ സെന്ററുകളിൽ പ്രത്യേകം നിരീക്ഷിക്കും.

∙ വിദേശങ്ങളിൽ ആയമാർ, വീട്ടുജോലിക്കാർ എന്നിങ്ങനെ തുച്ഛവരുമാനത്തിനു ജോലി ചെയ്തവരും സ്വന്തം വീടുകളിൽ സൗകര്യമില്ലാത്തവരുമായ വനിതകൾക്കു പ്രത്യേക സൗകര്യം ഒരുക്കും.

∙ വീടുകളിലേക്കു പോകാതെ സ്വന്തം ചെലവിൽ പുറത്തു താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്കു പണം നൽകി താമസിക്കുന്നതിനുള്ള സൗകര്യവും ഉറപ്പു വരുത്തും. മുപ്പത്തഞ്ചോളം റിസോർട്ടുകൾ ഇതിനായി ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here