ഇടുക്കി റെഡ് സ്പോട്ടായതോടെ ജില്ല വീണ്ടും സമ്പൂർണ ലോക്ക് ഡൌണിലായി. 14 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. വണ്ടൻമേടും ഇരട്ടയാറും ജില്ലയിലെ പുതിയ ഹോട്സ്പോട്ടുകളാണ്. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഷോപ്പ്, പെട്രോൾ പമ്പ് എന്നിവ മാത്രമാകും ഇന്ന് മുതൽ ഇടുക്കിയിൽ പ്രവർത്തിക്കുക. അത്യാവശ്യത്തിനു മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. തൊടുപുഴ ഇടവെട്ടിയിൽ അമേരിക്കയിൽ നിന്നെത്തിയ 17കാരൻ, തിരുപ്പൂരിൽ നിന്നു വന്ന ദേവികുളം സ്വദേശി, ചെന്നൈയിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പൊത്തുംകണ്ടത്തെത്തിയ 14കാരി, മൂന്നാർ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 60കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

മൂന്നാറിലെ രോഗിക്ക് എങ്ങനെ രോഗം പിടിപെട്ടുവെന്നത് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി പ്രാഥമിക സമ്പർക്കം ഉണ്ടായവരുടെ സാംപിളുകൾ പരിശോധനയ്ക്ക് എടുത്തു. കൂടുതൽ പോസിറ്റീവ് കേസുകൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യത ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല. സമ്പൂർണ ലോക്ക് ഡൌണിനോട് ജനങ്ങൾ വീണ്ടും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here