ഗുരുവായൂർ: അക്ഷയ തൃതീയ-ബലരാമജയന്തിനാൾ ആളനക്കമില്ലാതെ ഗുരുവായൂരിൽ കടന്നുപോയി. ക്ഷേത്രത്തിൽ അത്യാവശ്യം പരിചാരകന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലമ്പലത്തിനകത്ത് നാലോ അഞ്ചോ പേർമാത്രം. പുലർച്ചെ മൂന്നിന് നിർമാല്യം, തൈലാഭിഷേകം, വാകച്ചാർത്ത്, ഉഷഃപൂജ തുടങ്ങിയ ചടങ്ങുകൾ ഓതിക്കൻ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നിർവഹിച്ചു. പാൽപ്പായസം, പഴപ്രഥമൻ, മാമ്പഴക്കാളൻ തുടങ്ങി വിഭവസമൃദ്ധിയിലായിരുന്നു ഉച്ചപ്പൂജ. ബലരാമജയന്തിയായിരുന്നതിനാൽ ഗുരുവായൂരപ്പനെ ഓതിക്കൻ അണിയിച്ചൊരുക്കിയത് കലപ്പയേന്തിയ ബലരാമന്റെ രൂപത്തിലായിരുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് പത്തുമണിയോടെ ശ്രീലകം അടച്ചു. പിന്നീട് നാലരയ്ക്ക് നടതുറന്ന് ശീവേലി, ദീപാരാധന, അത്താഴപ്പൂജ എന്നിവയ്ക്കുശേഷം രാത്രി എട്ടിന് നടയടച്ചു. കീഴ്ശാന്തിക്കാരായ കൊടയ്ക്കാട് ശശിനമ്പൂതിരി, കീഴിയേടം വാസുണ്ണിനമ്പൂതിരി എന്നിവർ വിവിധ സമയങ്ങളിൽ നടന്ന ശീവേലികൾക്ക് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here